ന്യൂഡൽഹി : ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌റംഗ് പുനിയയും മത്സരിക്കുമെന്ന് സൂചന. കോൺഗ്രസ് സ്ഥാനാര്‍ത്ഥികളായാവും ഇരുവരും മത്സരിക്കുക. ഇന്ന് രാവിലെ രാഹുൽ ഗാന്ധിയുമായി വിനേഷ് ഫോഗട്ടും ബജ്‌റംഗ് പുനിയയും കൂടിക്കാഴ്ച നടത്തിയിരുന്നു. അടുത്ത തിങ്കളാഴ്ച്ച കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പട്ടികയിൽ അന്തിമ രൂപം നൽകാൻ സംസ്ഥാന നേതൃത്വത്തിന്റെ യോഗം നടക്കേയാണ് രാഹുൽഗാന്ധിയുമായുള്ള കൂടികാഴ്ച്ച.
കഴിഞ്ഞ ആഴ്ച്ച വിനേഷ് ഫോഗട്ട് ശംഭു അതിർത്തിയിലുള്ള കർഷകരുടെ പ്രതിഷധപരിപാടിയിൽ പങ്കെടുത്തിരിക്കുന്നു. കർഷകർ തെരുവിൽ നിൽക്കുമ്പോൾ രാജ്യം എങ്ങനെയാണ് മുന്നേറുക എന്ന ചോദ്യമടക്കം കേന്ദ്രസർക്കാരിനെതിരെ നിരവധി വിമർശനവുമായി മുൻ ഒളിംപ്യൻ കൂടിയായ വിനേഷ് ഫോഗട്ട് രംഗത്തെത്തിയിരുന്നു. ലൈംഗികാരോപണം നേരിട്ട ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷണെതിരെ തലസ്ഥാനത്ത് ഗുസ്തി താരങ്ങളുടെ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയതും വിനേഷായിരുന്നു.
ഒക്‌ടോബർ 5 ന് നടക്കാനിരിക്കുന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് പല കാര്യങ്ങളാൽ ദേശീയ ശ്രദ്ധയാകർഷിക്കുന്ന ഒന്നാണ്. ഭരണ വിരുദ്ധ വികാരം, കർഷകരുടെ പ്രതിഷേധം, ഗുസ്തിക്കാരുടെ പ്രതിഷേധം, സർക്കാർ ജീവനക്കാരുടെ അതൃപ്തി, ജാട്ട് സമുദായത്തിൻ്റെ രാഷ്ട്രീയ മാറ്റം തുടങ്ങിയവ തിരഞ്ഞെടുപ്പിൽ നിർണായക പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതിനിടെ സംസ്ഥാനത്ത് കോൺഗ്രസ്-ആം ആദ്മി പാർട്ടി സഖ്യ ചർച്ചകൾ പുരോഗമിക്കുകയാണ്. ഇരുപാർട്ടികളും ചേർന്ന് സഖ്യം രൂപീകരിക്കാമെന്ന രാഹുൽ ഗാന്ധിയുടെ നിര്‍ദേശം ആം ആദ്മി പാർട്ടി നേരത്തെ സ്വാഗതം ചെയ്തിരുന്നു. ആകെ മൊത്തം പത്ത് സീറ്റാണ് എഎപി സഖ്യത്തിൽ നിന്ന് ആവശ്യപ്പെടുന്നത്. ഏഴ് സീറ്റ് വരെ നൽകാൻ കോൺഗ്രസ് തയ്യാറായിരുന്നു. കൂടുതൽ സമവായത്തിലെത്താൻ ആം ആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദ കെ സി വേണുഗോപാലുമായി ചർച്ച നടത്തും.
രാഹുലിന്റെ നിർദേശത്തെ സ്വാഗതം ചെയ്യുന്നുവെന്ന് എ എപി എംപി സഞ്ജയ് സിങ് പറഞ്ഞു. ബിജെപിയെ പരാജയപ്പെടുത്തുന്നതിനാണ് പ്രഥമ പരിഗണന. ഹരിയാനയുടെ ചുമതലയുള്ള നേതാക്കളുമായി ചർച്ച ചെയ്ത് ഇക്കാര്യം തീരുമാനിക്കും. വിഷയം ചർച്ച ചെയ്ത് അന്തിമ തീരുമാനമാകുന്നതോടെ കെജ്‌രിവാളിനെ വിവരം അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേ സമയം, കോൺഗ്രസ്-എഎപി സഖ്യത്തിന് വിജയിക്കാൻ സാധിക്കില്ലെന്ന് ബിജെപി പ്രതികരിച്ചു. ഇരുവരുടേയും സഖ്യം വിജയിക്കില്ലെന്ന് ഡൽഹിയിൽ നാം കണ്ടതാണ്. അവർ എത്ര ശ്രമിച്ചിട്ടും കാര്യമില്ല. ഇനി രാജ്യത്തെ ജനങ്ങളെ വഞ്ചിതരാക്കാൻ ഇവർക്ക് സാധിക്കില്ലെന്നും ബിജെപി എം പി പ്രവീൺ ഖണ്ഡേൽവാൾ പറഞ്ഞു. 90 നിയമസഭാ സീറ്റുകളുള്ള ഹരിയാനയിൽ ഒക്‌ടോബർ അഞ്ചിനാണ് വോട്ടെടുപ്പ്. ഫലം ഒക്‌ടോബർ എട്ടിന് പ്രഖ്യാപിക്കും.
Be the first to comment