വിനോദ് തോമസിൻ്റെ മരണകാരണം കാർബൺ മോണോക്‌സൈഡ് ശ്വസിച്ച്; പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കോട്ടയം: നടൻ വിനോദ് തോമസിൻ്റെ മരണകാരണം കാർബൺ മോണോക്‌സൈഡ് ശ്വസിച്ചെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കോട്ടയം മെഡിക്കൽ കോളേജിലാണ് പോസ്റ്റുമോർട്ടം നടന്നത്. വിനോദ് തോമസിനെ കഴിഞ്ഞ ദിവസം കാറിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

മരണശേഷം പൊലീസ് കാറിനുള്ളിൽ നടത്തിയ പരിശോധനയിൽ സംശയാസ്പദമായി ഒന്നും ലഭിച്ചിരുന്നില്ല. സ്റ്റാർട്ട് ചെയ്‌ത്‌വച്ച കാറിനുള്ളിലെ എസി പ്രവർത്തിച്ചതിനെ തുടർന്ന് വമിച്ച വിഷവാതകം ശ്വസിച്ചതാകാം വിനോദിൻ്റെ മരണ കാരണമെന്നായിരുന്നു പൊലീസിൻ്റെ പ്രാഥമിക നിഗമനം.

വൈകുന്നേരം അഞ്ചരയോടെയാണ് വിനോദിനെ പാമ്പാടിയിലെ ബാറിൻ്റെ പാർക്കിംഗ് ഏരിയയിൽ അബോധാവസ്ഥയിൽ കണ്ടെത്തുന്നത്. ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെയാണ് വിനോദ് കാറിനകത്ത് കയറി എസി ഓൺ ആക്കിയിട്ട് ഇരുന്നത്. ഏറെ നേരം കഴിഞ്ഞിട്ടും കാർ തുറക്കാതെ വന്നതോടെ ബാർ ജീവനക്കാർ ചില്ല് തകർത്താണ് വാതിൽ തുറന്നത്. തുടർന്ന് സമീപത്തെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും മരിച്ചിരുന്നു. വിനോദിൻ്റെ സംസ്കാരം ചൊവ്വാഴ്ച മുട്ടമ്പലം പൊതുശ്മശാനത്തിൽ നടക്കും.

Be the first to comment

Leave a Reply

Your email address will not be published.


*