കുട്ടികളുടെ സ്വകാര്യത ലംഘിച്ചു; മൈക്രോസോഫ്റ്റിന് 200 ലക്ഷം ഡോളർ പിഴ

ടെക് ഭീമനായ മൈക്രോസോഫ്റ്റിന് വൻതുക പിഴ ചുമത്തി അമേരിക്ക. 200 ലക്ഷം ഡോളറാണ് പിഴയായി കമ്പനി അടയ്ക്കേണ്ടത്. മാതാപിതാക്കളുടെ അനുമതിയില്ലാതെ കുട്ടികളിൽ നിന്ന് അനധികൃതമായി വിവരങ്ങൾ ശേഖരിച്ച കുറ്റത്തിനാണ് പിഴ ചുമത്തിയത്. യുഎസ് ഫെഡറൽ ട്രേഡ് കമ്മീഷന്റെ (എഫ്ടിസി) കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

അമേരിക്കയിലെ എക്സ്ബോക്സ് എന്ന ഗെയിമിങ് സിസ്റ്റത്തിൽ സൈൻ അപ്പ് ചെയ്ത കുട്ടികളിൽ നിന്ന് വ്യക്തിഗത വിവരങ്ങൾ ശേഖരിച്ചു എന്നതാണ് മൈക്രോസോഫ്റ്റിനെതിരായ കുറ്റം. രാജ്യത്ത് കുട്ടികളുടെ ഓൺലൈൻ ഉപയോഗവുമായി ബന്ധപ്പെട്ട ചിൽഡ്രൻസ് ഓൺലൈൻ പ്രൈവസി പ്രൊട്ടക്ഷൻ ആക്റ്റിന്റെ ലംഘനമാണ് കമ്പനി നടത്തിയത് എന്നാണ് ആരോപണം. എക്‌സ്‌ബോക്‌സ് ഗെയിമിങ് സിസ്റ്റത്തിൽ സൈൻ അപ്പ് ചെയ്‌ത കുട്ടികളിൽ നിന്ന് മാതാപിതാക്കളെ അറിയിക്കാതെയും അവരുടെ സമ്മതം വാങ്ങാതെയും വ്യക്തിഗത വിവരങ്ങൾ ശേഖരിച്ചു. കുട്ടികളുടെ സ്വകാര്യ വിവരങ്ങൾ കൈവശംവച്ച് നിയമ ലംഘനം നടത്തി എന്നാണ് ആരോപണം.

കമ്പനിയുടെ ഓൺലൈൻ ഗെയിമിങ് സിസ്റ്റത്തിൽ നിയമങ്ങൾ സംരക്ഷിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളണമെന്ന് ഫെഡറൽ ട്രേഡ് കമ്മീഷൻ നിർദേശിച്ചു. മൈക്രോസോഫ്റ്റ് കുട്ടികളുടെ ഡാറ്റ പങ്കിടുന്ന മൂന്നാംകക്ഷിക്കും പരിരക്ഷകൾ വ്യാപിപ്പിക്കണം. കുട്ടികളുടെ വിവരങ്ങൾ ഏതെങ്കിലും മൂന്നാംകക്ഷിക്ക് കൈമാറുന്നതിനിടയായാൽ ഓൺലൈൻ സ്വകാര്യതാ നിയമം സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. കുട്ടികളുടെ ബയോ മെട്രിക് വിവരങ്ങൾ, ആരോഗ്യ വിവരങ്ങൾ തുടങ്ങിയവ ഈ നിയമത്തിന്റെ പരിധിയിൽ വരും.

13 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് നിർദേശിച്ചിരിക്കുന്ന ഓൺലൈൻ സേവനങ്ങളും വെബ്‌സൈറ്റുകളും ശേഖരിക്കുന്ന വ്യക്തിഗത വിവരങ്ങളെക്കുറിച്ച് മാതാപിതാക്കളെ അറിയിക്കണമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. കുട്ടികളുടെ ഏതെങ്കിലും വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നതിനും ഉപയോഗിക്കുന്നതിനും മുൻപായി രക്ഷിതാക്കളുടെ സമ്മതം തേടണമെന്നും നിയമത്തിൽ നിർദേശിക്കുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*