വയനാട് ദുരന്തം; മുന്നറിയിപ്പ് സംബന്ധിച്ച് സഭയെ തെറ്റിദ്ധരിപ്പിച്ചു, അമിത് ഷാക്കെതിരെ നോട്ടീസ്

ന്യൂഡല്‍ഹി: വയനാട് ദുരന്തത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ അവകാശലംഘന നോട്ടീസ്. വയനാട് ദുരന്തം സംബന്ധിച്ച് രാജ്യസഭയില്‍ നല്‍കിയ മറുപടിയിലാണ് നോട്ടീസ്. മുന്നറിയിപ്പ് സംബന്ധിച്ച് സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് കാണിച്ചാണ് നോട്ടീസ്. കോണ്‍ഗ്രസ് എം പി ജയറാം രമേശാണ് നോട്ടീസ് നല്‍കിയത്. കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടും കേരള സര്‍ക്കാര്‍ തുടര്‍നടപടി സ്വീകരിച്ചില്ലെന്നായിരുന്നു സഭയെ അറിയിച്ചത്. പ്രസ്താവന തെറ്റാണെന്ന് വിവിധ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാണ് എന്ന് ജയറാം രമേശ് പറഞ്ഞു.

ഉരുള്‍പൊട്ടല്‍ സംബന്ധിച്ച് കേരള സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നായിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ സഭയില്‍ പറഞ്ഞത്. രണ്ട് തവണ കേരളത്തിന് മുന്നറിയിപ്പ് നല്‍കി. ഈ മാസം 23നും മുന്നറിയിപ്പ് നല്‍കിയിരുന്നു. ജൂലൈ 23ന് ഒമ്പത് എന്‍ഡിആര്‍എഫ് സംഘത്തെ മേഖലയിലേക്ക് അയച്ചിരുന്നു. സുരക്ഷാ ക്രമീകരണം ഒരുക്കുന്നതില്‍ ഉണ്ടായ കാലതാമസമാണ് ദുരന്തവ്യാപ്തിക്ക് കാരണമെന്നമായിരുന്നു അമിത് ഷായുടെ കുറ്റപ്പെടുത്തല്‍. ഉരുള്‍പൊട്ടല്‍ മേഖലയില്‍ നിന്ന് ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് എന്തുകൊണ്ട് മാറ്റിയില്ല. കേരള സര്‍ക്കാര്‍ എന്ത് ചെയ്തുവെന്നുമായിരുന്നു എന്നും അമിത് ഷാ ചോദിച്ചത്.

‘ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വയനാട്ടില്‍ സ്ഥാപിച്ച കേന്ദ്രത്തില്‍നിന്ന് 29ന് നല്‍കിയ മുന്നറിയിപ്പില്‍ പച്ച അലര്‍ട്ടാണ് നല്‍കിയിക്കുന്നത്. ചെറിയ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പാണിത്. അപ്പോഴേക്കും അതിതീവ്ര മഴ പെയ്യുകയും ദുരന്തം സംഭവിക്കുകയും ചെയ്തിരുന്നു. ഇരുവരഞ്ഞിപ്പുഴയിലോ ചാലിയാറിലോ പ്രളയമുന്നറിയിപ്പു നല്‍കിയിരുന്നില്ല. ഇതെല്ലാമാണ് വസ്തുതയെന്നിരിക്കെയാണ് അമിത് ഷാ പാര്‍ലമെന്റില്‍ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞത്. കേരളം മുന്‍കൂട്ടി ആവശ്യപ്പെട്ടത് അനുസരിച്ചാണ് എന്‍ഡിആര്‍എഫ് സംഘത്തെ അയച്ചത്. ഇതിലൊരു സംഘത്തെ വയനാട്ടില്‍ വിന്യസിക്കുകയും ചെയ്തിരുന്നു’- ഇതായിരുന്നു അമിത് ഷായ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍റെ മറുപടി.

Be the first to comment

Leave a Reply

Your email address will not be published.


*