തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചതിന് തെലുഗ് നടൻ അല്ലു അർജുനെതിരെ കേസ്. വൈഎസ്ആർസിപി എം എൽ എ രവിചന്ദ്ര കിഷോർ റെഡ്‌ഡിക്കെതിരെയും കേസുണ്ട്. ആന്ധ്രാപ്രദേശിൽ അടുത്ത ദിവസം വോട്ടെടുപ്പ് നടക്കാനിരിക്കെ, നിശബ്ദപ്രചാരണ ഉപാധി ലംഘിച്ച് എം എൽ എയുടെ നന്ദ്യാലയിലെ വസതിയിൽ പൊതുയോഗം സംഘടിപ്പിച്ചുവെന്നാണ് ഇരുവർക്കുമെതിരെയുള്ള ആരോപണം.
കിഷോർ റെഡ്ഡിയാണ് അല്ലു അർജുനെ ശനിയാഴ്ച തന്റെ വീട്ടിലേക്ക് ക്ഷണിച്ചത്. മുൻകൂട്ടി അനുമതിയൊന്നും വാങ്ങാതെയായിരുന്നു നീക്കം. അല്ലു അർജുൻ എത്തുന്നുവെന്ന് പരന്നതോടെ ആൾക്കൂട്ടമുണ്ടായി. തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുന്നതിനാൽ ആന്ധ്രാപ്രദേശിൽ 144-ാം വകുപ്പ് നിലവിലുണ്ട്. ഇത് ലംഘിച്ചുവെന്ന കുറ്റം ആരോപിച്ചാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. നന്ദ്യാല മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് മേൽനോട്ടം വഹിക്കാൻ നിയോഗിക്കപ്പെട്ട നന്ദ്യാല റൂറലിൽ നിന്നുള്ള ഡെപ്യൂട്ടി തഹസിൽദാർ പി രാമചന്ദ്ര റാവുവാണ് നടപടിയെടുത്തത്.
അതേസമയം, തന്റെ സുഹൃത്തിനെ സഹായിക്കാനാണ് എത്തിയതെന്നും ഒരു രാഷ്ട്രീയ പാർട്ടിയെയും പിന്തുണയ്ക്കുന്നില്ലെന്നും അല്ലു അർജുൻ വ്യക്തമാക്കിയിരുന്നു. “ഞാൻ തനിച്ചാണ് ഇവിടെ വന്നത്. എൻ്റെ സുഹൃത്തുക്കൾ അവർ ഏത് മേഖലയിലാണെങ്കിലും എൻ്റെ സഹായം ആവശ്യമെങ്കിൽ ഞാൻ അവരെ സഹായിക്കുകയും ചെയ്യും. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയെ ഞാൻ പിന്തുണയ്ക്കുന്നുവെന്ന് ഇതിനർഥമില്ല” അല്ലു അർജുൻ പറഞ്ഞു.
Be the first to comment