ഫെമ ലംഘനം; പേടിഎമ്മിന് എതിരെ ഇഡി അന്വേഷണം

ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ പേയ്മെന്റ് സ്ഥാപനങ്ങളിലൊന്നായ പേടിഎമ്മിന് എതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം. വിദേശ നാണയ വിനിമയ ചട്ട ലംഘനത്തിന്റെ പേരിലാണ് നടപടി. ഇഡിക്ക് പുറമെ ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യുണിറ്റും (എഫ്‌ഐയു) പേടിഎമ്മിന് എതിരായ ആരോപണങ്ങളില്‍ റിസര്‍വ് ബാങ്കില്‍ നിന്നും റിപ്പോര്‍ട്ട് തേടി.

ഡിജിറ്റല്‍ പണമിടപാടുകളുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ തുടര്‍ച്ചയായി വീഴ്ച വരുത്തിയെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ പേടിഎമ്മിനു മേല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ഇഡി- എഫ്‌ഐയു അന്വേഷണം ആരംഭിക്കുന്നത്. സെന്‍ട്രല്‍ ബാങ്കിന്റെ വായ്പാ നയ അവലോകനത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആര്‍ബിഐ ഡപ്യൂട്ടി ഗവര്‍ണര്‍ ജെ സ്വാമിനാഥനാണ് ആര്‍ബിഐ നിയന്ത്രണങ്ങള്‍ നടപ്പാക്കിയതായി അറിയിച്ചത്. പേടിഎം പേയ്മെന്റ് ബാങ്കിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കുകയാണെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ആര്‍ബിഐ ഡപ്യൂട്ടി ഗവര്‍ണര്‍ കഴിഞ്ഞ എട്ടാം തീയതി വ്യക്തമാക്കിയിരുന്നു.

ഫെബ്രുവരി ഒന്നിനാണ് പേടിഎമ്മിനോട് പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടത്. ഫെബ്രുവരി 29ന് ശേഷം പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കാനോ ക്രെഡിറ്റ് ഇടപാടുകള്‍ നടത്താനോ യുപിഐ വഴിയുള്ള ഫണ്ട് കൈമാറ്റങ്ങള്‍ ചെയ്യാനോ കഴിയില്ല.

നിബന്ധനകള്‍ പാലിക്കുന്നില്ലെന്ന പരാതികളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷമാദ്യം പേടിഎം പേയ്മെന്റ് ബാങ്കിന് 5.39 കോടി രൂപ ആര്‍ബിഐ പിഴ ചുമത്തിയിരുന്നു. പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നത് നിര്‍ത്താന്‍ 2022 മാര്‍ച്ചില്‍ തന്നെ ആര്‍ബിഐ പേടിഎമ്മിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ തുടര്‍ന്നും പേടിഎമ്മിന്റെ ഭാഗത്തു നിന്നും വീഴ്ചകള്‍ വിലയിരുത്തിയ ആര്‍ബിഐ നടപടിയിലേക്ക് കടക്കുകയായിരുന്നു.

 

Be the first to comment

Leave a Reply

Your email address will not be published.


*