കുട്ടികളിലെ വൈറൽ ഇൻഫെക്ഷനുകൾ; പ്രതിരോധിക്കാം ഈ മാർഗ്ഗങ്ങളിലൂടെ, മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

*Yenz Times Health Special

  • കുട്ടികളുടെ ആരോഗ്യം

“ക്ലാസ്സിൽ അടുത്തുള്ള കുട്ടി ഒന്നു തുമ്മിയാൽ ഇവന് / ഇവൾക്കു പനി വരും. സ്കൂളിൽ നിന്നു വരുന്നതു തന്നെ ഇവൻ ജലദോഷവും കൊണ്ടാണ്, മാസത്തിൽ ഒരു തവണയെങ്കിലും ഇവന് ആൻ്റിബയോട്ടിക്ക് വേണ്ടി വരും”. ഇങ്ങനെ പരിതപിക്കുന്ന മാതാപിതാക്കളുടെ എണ്ണം കൂടി വരുകയാണ്.

മഹാമാരി മൂലം ഉണ്ടായ വലിയ ഒരു ഇടവേളയ്ക്കു ശേഷം നമ്മുടെ കുട്ടികൾ വിദ്യാലയങ്ങളിലേക്കു പോയിത്തുടങ്ങിയിരിക്കുകയാണ്. കോവിഡ് വകഭേദങ്ങളുടെ ഭീതിക്കൊപ്പം  മറ്റു പകർച്ച വ്യാധികളുടെ ഭീതി കൂടി ഇപ്പോൾ സംജാതമായിരിക്കുകയാണ്. നമ്മുടെ കുട്ടികളെ ഈ കാലഘട്ടത്തിൽ ഏറ്റവും ബാധിക്കുന്നത്  വൈറൽ ഇൻഫക്ഷനുകളാണ്. കുട്ടികളിൽ വേണ്ടത്ര പ്രതിരോധശേഷി ഇല്ലാത്തതു കൊണ്ടുണ്ടാകുന്നവയാണ് ഇത്തരം അണുബാധകൾ . 

സ്കൂൾ തുറന്നു ക്ലാസ്സുകൾ സജീവമായതോടെ ഇപ്പോൾ മിക്ക കുട്ടികളും വീട്ടിലെത്തുന്നത് പനിയും ജലദോഷവുമായാണ്. നഴ്സറി കുട്ടികൾ മുതൽ കോളേജ് വിദ്യാർത്ഥികൾ വരെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിവിധ തരം വൈറൽപനിയുടെ പിടിയിലാണ്.

ചിട്ടയായ ജീവിത ശൈലിയും, പോഷകമൂല്യമുള്ള ആഹാരശീലങ്ങളും രോഗപ്രതിരോധത്തിലൂന്നിയ ഔഷധങ്ങളും കൊണ്ട് നമ്മുടെ കുട്ടികൾക്ക് ഇത്തരം വ്യാധികളിൽ നിന്നും രക്ഷ നേടാൻ സാധിക്കും. ചിട്ടയായ ജീവിത ശൈലിയെന്നാൽ ശരീരത്തിൻ്റേയും മനസ്സിൻ്റേയും ആരോഗ്യത്തിനു വേണ്ട ശീലങ്ങൾ കുട്ടികളെ ശീലിപ്പിക്കുക എന്നതാണ്. രാവിലെ  എഴുന്നേല്ക്കുന്നതു മുതൽ രാത്രി ഉറങ്ങുന്നതു വരെയുള്ള കുട്ടികളുടെ ശരീര ശുചിത്വത്തിനും വ്യായാമത്തിനും ഉറക്കത്തിനുമെല്ലാം ഇതിനു പ്രാധാന്യമുണ്ട്. 

ശരിയായ മലശോധനയുടെ പ്രാധാന്യത്തെപ്പറ്റി കുട്ടികളെ ബോധവൽക്കരിക്കാൻ മാതാപിതാക്കൾ  ശ്രദ്ധ ചെലുത്തേണ്ടതാണ്. വിദ്യാലയങ്ങളിലൂടെ അദ്ധ്യാപകർക്കും  ശരീരശുചിത്വത്തേയും  ആരോഗ്യകരമായ ജീവിതചര്യകളേയും പറ്റി കുട്ടികളിൽ അവബോധം വളർത്താൻ കഴിയും.  രാവിലെത്തന്നെ മലശോധന നടത്തുന്ന പക്ഷം കെട്ടിക്കിടക്കുന്ന മലം മൂലമുണ്ടാകുന്ന അജീർണ്ണത്തിനും ആമത്തിനും (Toxins, Undigested foods )  ഉള്ള സാഹചര്യം ഇല്ലാതാകുന്നു. യഥാർത്ഥത്തിൽ  ദഹന വ്യവസ്ഥയിലൂടെയാണ് നമ്മുടെ രോഗ പ്രതിരോധശേഷിയുടെ ( Gut immunity) എൺപതു ശതമാനവും ലഭിക്കുന്നത്. ആരോഗ്യകരമായ ദഹനപ്രക്രിയ രോഗങ്ങളെ അകറ്റാൻ സഹായിക്കുന്നു. 

ആരോഗ്യകരമായ ജീവിതശൈലിയിൽ നിന്ന് ഇന്ന് എണ്ണതേച്ചുകുളി അപ്രത്യക്ഷമായിരിക്കുകയാണ് .നമ്മുടെ കുട്ടികളുടെ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ഇന്ദ്രിയങ്ങളുടെ  പ്രസന്നതക്കും ബുദ്ധിവികാസത്തിനും ശരീരത്തിലും തലയിലും എണ്ണതേച്ചുകുളിക്കുന്നത് വളരെ നല്ലതാണ്. ലാക്ഷാദി കേരതൈലം കുട്ടികളുടെ തലക്കും ദേഹത്തും പുരട്ടുന്നത് പണ്ടുമുതൽ  തന്നെയുള്ള ഒരു ശീലമാണ്.

കുട്ടികളുടെ ജീവിതചര്യയിലും ആഹാരശീലങ്ങളിലും ആരോഗ്യകരമായ മാറ്റം വരുത്തുന്നതിനോടൊപ്പം ഇന്ദുകാന്താമൃതം, ഇന്ദുകാന്തം ഘൃതം, ച്യവനപ്രാശം , കൂശ്മാണ്ഡ രസായനം, ഹരിദ്രാ ഖണ്ഡം ,സി ഹെൽത്ത് ഫോർട്ട് മുതലായ ഔഷധങ്ങൾ വൈദ്യ നിർദ്ദേശാനുസരണം ഉപയോഗിക്കുന്നതു മൂലം കുട്ടികളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും അവരുടെ സമതുലിതമായ ശരീരവളർച്ചയക്കും ബുദ്ധിവികാസത്തിനും സഹായിക്കുന്നു.

നിദാന പരിവർജ്ജനമാണ് അല്ലെങ്കിൽ രോഗകാരണങ്ങളെ ഒഴിവാക്കൽ ആണ് ആയുർവേദത്തിൽ ചികിത്സ. അലർജി മൂലമുണ്ടാകുന്ന കുട്ടികളിലെ ജലദോഷവും, ചുമയും, ആസ്ത്മയും ഉണ്ടാവാതിരിക്കാൻ അലർജിയുള്ള സാഹചര്യങ്ങളിൽ നിന്നും ഒഴിവാകുകയും, അലർജി ഉണ്ടാക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ വർജ്ജിക്കുകയും, കൂടെ രോഗ പ്രതിരോധശേഷി കൂട്ടാനുള്ള ഔഷധങ്ങൾ  നല്കുകയും ചെയ്യുന്നതു കൊണ്ട് രോഗത്തിൻ്റെ പരിപൂർണ്ണ ശമനത്തിനു സഹായകമാകുന്നു.

 

 കുട്ടികളിൽ അലർജി ഉദ്ദീപിപ്പിക്കുന്ന താഴെ പറയുന്ന പ്രേരക ഘടകങ്ങൾ (triggering factors) ഒഴിവാക്കുന്നതിനു മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

 1.  കുട്ടികളുടെ മുറികളിലെ കർട്ടൻ, ഫാൻ മുതലായവയിൽ പൊടിപിടിച്ചിരിക്കുന്ന സാഹചര്യം ഒഴിവാക്കേണ്ടതാണ്.

 2. മുറികളിലെ ചുമരുകളിൽ ഈർപ്പം വന്ന് ഫംഗസ് ഉണ്ടാകാതെ ശ്രദ്ധിക്കണം. കൂടാതെ നല്ലവണ്ണം കാറ്റും വെളിച്ചവും അല്പം വെയിലും ലഭിക്കുന്ന രീതിയിൽ റൂമുകൾ ക്രമീകരിക്കണം.

 3. കിടക്ക വിരികൾ കൂടെക്കൂടെ മാറ്റുന്നത് കിടക്കയിലെ പൊടിച്ചെളളുകൾ (Dustmites) മൂലമുണ്ടാകുന്ന അലർജി ഒഴിവാക്കുന്നതിനു സഹായിക്കാം.

 4. അലർജിയുള്ള കുട്ടികൾക്ക്‌ രാത്രിപാൽ കൊടുക്കുന്നുണ്ടെങ്കിൽ അല്പം ശുദ്ധമായ മഞ്ഞപ്പൊടിയോ ,ഹരിദ്രാ ഖണ്ഡമൊ ചേർത്ത് ചെറുചൂടോടു നല്കുന്നത് ഉചിതമായിരിക്കും.

 5. ചോക്ലേറ്റ് , ഐസ് ക്രീം , തണുത്ത ഭക്ഷണ പദാർത്ഥങ്ങൾ ഇവ നിയന്ത്രിക്കുന്നത് കുട്ടികളിൽ ശ്വാസകോശ രോഗങ്ങൾ തടയുന്നതിനു സഹായിക്കും.

      

  • ചില പൊടിക്കൈകൾ

ഈ പറയുന്നതൊന്നും ഒറ്റമൂലിയല്ലെങ്കിലും ഇടയ്ക്കിടെ ചുമയും ജലദോഷവും വരുന്ന കുട്ടികൾക്ക് പനികൂർക്കയില നീര് തേനിൽ ചാലിച്ച് കൊടുക്കാവുന്നതാണ്. അതുപോലെത്തന്നെ സൈനസൈറ്റിസ് കൊണ്ടുള്ള തലവേദനയ്ക്കും തലയുടെ ഭാരത്തിനും രാസ്നാദി ചൂർണ്ണം ചൂടുവെള്ളത്തിൽ പേസ്റ്റാക്കി നെറ്റിയിൽ ഇടുന്നത് ഗുണകരമാണ്. ദിവസവും ഒന്നു രണ്ടു തുളസിയില സ്ഥിരമായി ചവച്ചു തിന്നുന്നത് രോഗ പ്രതിരോധത്തിനു സഹായിക്കും. രാസ്നാദിചൂർണ്ണം കുളി കഴിഞ്ഞതിനു ശേഷം നെറ്റിയിൽ തിരുമ്മുന്നതു തല നീരിറങ്ങി ജലദോഷം വരാതിരിക്കാൻ സഹായിക്കുന്നു.

കുട്ടികളുടെ ശരീരബലം, ദഹനശക്തി, പ്രായം തുടങ്ങിയവ പരിഗണിച്ചാണ് ആയുർവേദൗഷധങ്ങൾ നിശ്ചയിക്കേണ്ടത്. ഒരു ആയുർവേദ ഡോക്ടറുടെ നിർദ്ദേശാനുസരണം പ്രതിരോധശേഷി വർദ്ധിപ്പിക്കാനും രോഗശമനത്തിനും ഉപയുക്തമായ ഔഷധങ്ങൾ കുട്ടികൾക്കു നല്കുന്നതിലൂടെ ശരിയായ ആരോഗ്യം വീണ്ടെടുക്കാം.

  • കൂടുതൽ അറിയാനും ചികിത്സക്കും

         DR. B. HEMACHANDRAN B.A.M.S 

         Branch Manager & Sr. Physician

         ARYA VAIDYA SALA KOTTAKKAL

         Branch : KOTTAYAM – 686001

         MOB : 9037842564       

 

                               

 

Be the first to comment

Leave a Reply

Your email address will not be published.


*