
ന്യൂഡൽഹി : ശ്രീലങ്കൻ പരമ്പരയിൽ വിശ്രമം ആവശ്യപ്പെട്ട വിരാട് കോഹ്‍ലിയെയും രോഹിത് ശർമ്മയെയും ടീമിൽ തിരിച്ചുവിളിച്ചതിൽ പ്രതികരണവുമായി ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ. അജിത്ത് അഗാർക്കർ, ഗൗതം ഗംഭീർ എന്നിവർ നടത്തിയ വാർത്താസമ്മേളനത്തിലാണ് പ്രതികരണം. വിരാട് കോഹ്‍ലിയും രോഹിത് ശർമ്മയും ട്വന്റി 20 ക്രിക്കറ്റിൽ നിന്ന് വിരമിച്ചുകഴിഞ്ഞു. അതിനാൽ ഇരുവരും വലിയ മത്സരങ്ങളുടെ ഭാഗമാകണം.
ബാറ്റർമാരേക്കാൾ ബൗളർമാർക്കാണ് വിശ്രമം നൽകേണ്ടത്. അതുകൊണ്ടാണ് ശ്രീലങ്കൻ പരമ്പരയിൽ ബുംറയ്ക്ക് വിശ്രമം നൽകിയത്. എന്നാൽ ഒരു ബാറ്റർ മികച്ച ഫോമിലാണെങ്കിൽ എല്ലാ മത്സരങ്ങളും കളിക്കേണ്ടതുണ്ടെന്നും ഗംഭീർ പറഞ്ഞു. വിരാട് കോഹ്‍ലിയും രോഹിത് ശർമ്മയും കായികക്ഷമത സൂക്ഷിക്കുകയാണെങ്കിൽ 2027ലെ ഏകദിന ലോകകപ്പിൽ ഇരുവർക്കും കളിക്കാൻ കഴിയും. ഇരുവരിലും ഒരുപാട് ക്രിക്കറ്റ് ബാക്കിയുണ്ട്. ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് തിരിച്ചുവരികയാണ്. ഓസ്ട്രേലിയയിൽ ഒരു ടെസ്റ്റ് പരമ്പര വരുന്നു.
ഈ സമയങ്ങളിൽ കായികക്ഷമത കാത്തുസൂക്ഷിക്കാൻ ഇരുതാരങ്ങൾക്കും കഴിയണം. താനാണ് ഇരുവരും ശ്രീലങ്കൻ പരമ്പരയുടെ ഭാഗമാകണമെന്ന് പറഞ്ഞത്. അവരിൽ എത്ര ക്രിക്കറ്റ് ബാക്കിയുണ്ടെന്ന് തനിക്ക് അറിയാൻ കഴിയണം. ഇരുവരെയും ശ്രദ്ധിക്കൂ. ഇപ്പോഴും രണ്ട് താരങ്ങളും ലോകോത്തര ബാറ്റർമാരാണെന്നും ഗംഭീർ പ്രതികരിച്ചു.ലോകത്തെ ഏറ്റവും മികച്ച ടീമിനെയാണ് താൻ ഏറ്റെടുക്കുന്നത്. ട്വന്റി 20യിൽ ലോകചാമ്പ്യനും ഏകദിന ലോകകപ്പിലും ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ഫൈനലിസ്റ്റുകളുമാണ് ഇന്ത്യ.
ഈ ടീമിനെ സന്തോഷത്തോടെ നിലനിർത്തേണ്ട ഉത്തരവാദിത്തം തനിക്കുണ്ട്. ഒരുപാട് ആശയകുഴപ്പങ്ങൾ തനിക്കില്ല. എങ്കിലും ചില കാര്യങ്ങൾ പരിഹരിക്കേണ്ടതുണ്ട്. ബിസിസിഐ സെക്രട്ടറി ജയ് ഷായുമായി തനിക്ക് നല്ല ബന്ധമുണ്ട്. ഏത് പ്രശ്നത്തിലും തനിക്ക് ജയ് ഷായെ സമീപിക്കാം. ഗൗതം ഗംഭീർ എന്ന വ്യക്തി പ്രധാനമല്ല. ഇന്ത്യൻ ക്രിക്കറ്റിന്റെ ഉയർച്ചയാണ് പ്രധാനമെന്നും ഗംഭീർ വ്യക്തമാക്കി.
Be the first to comment