തമിഴ് സിനിമ തൻ്റെ കയ്യിലാണെന്ന ധാർഷ്ട്യം ആർക്കും വേണ്ടെന്ന് വിശാൽ

ചെന്നൈ: കോളിവുഡ് പ്രൊഡക്ഷൻ ഡിസ്ട്രിബ്യൂഷൻ കമ്പനിയായ റെഡ് ജയന്റ്സ് മൂവീസിനെതിരെ നടനും നിർമ്മാതാവുമായ വിശാൽ. മാർക്ക് ആന്റണി എന്ന ചിത്രം റിലീസ് ചെയ്യാതിരിക്കാൻ ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ് ജയന്റ്സ് മൂവീസ് ശ്രമിച്ചുവെന്നാണ് വിശാലിന്റെ ആരോപണം. വലിയ വഴക്കിനൊടുവിലാണ് അന്ന് സിനിമ റിലീസ് ചെയ്തിരുന്നതെന്നും അല്ലായിരുന്നെങ്കിൽ ചിത്രം ഇപ്പോഴും പെട്ടിയിലിരുന്നേനെയെന്നും വിശാൽ വിമർശിച്ചു.

വിശാലിൻ്റെ പുതിയ ചിത്രം രത്നത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിലാണ് നടനും നിർമ്മാതാവും തമിഴ്നാട് കായികമന്ത്രിയുമായ ഉദയനിധി സ്റ്റാലിനെതിരെ പ്രതികരിച്ചത്. മാർക്ക് ആന്റണിക്കു മുൻപ് എനിമി എന്ന ചിത്രത്തിന്റെ റിലീസും തടഞ്ഞിരുന്നു. റെഡ് ജയന്റ്സ് പ്രൊഡക്ഷൻ കമ്പനിയിലെ ഒരാളുമായാണ് പ്രശ്നമുണ്ടായത്. ഇക്കാര്യം ഉദയനിധിക്ക് അറിയല്ലായിരിക്കുമെന്നും വിശാൽ പ്രതികരിച്ചു.

ഒരു സിനിമ നിർത്തിവെയ്ക്കാനോ മാറ്റിവെയ്ക്കാനോ ആർക്കും അധികാരമില്ല. തമിഴ് സിനിമ തന്റെ കയ്യിലാണ് എന്ന് ധാർഷ്ട്യം പ്രകടിപ്പിക്കുന്നവർ വിജയിച്ച ചരിത്രവുമില്ല. ഇത് എനിക്കുവേണ്ടി മാത്രമല്ല, എ സി മുറിയിലിരുന്ന് വേറാരുടേയും സിനിമ പ്രദർശിപ്പിക്കേണ്ട എന്ന് പറയുന്നവരല്ല എന്റെ സിനിമാ നിർമ്മാതാക്കൾ. പണം പലിശയ്‌ക്കെടുത്ത്‌ ഞങ്ങളെപ്പോലുള്ളവർ ചോരയും നീരും കളഞ്ഞ് ഒരു സിനിമ എടുത്തു കൊണ്ടുവന്നാൽ മാറി നിൽക്ക് എന്ന് പറയാൻ ഇവർക്ക് ആരാണ് അധികാരം കൊടുത്തത്. നിങ്ങൾ ഇതൊരു കുത്തകയാക്കിവെച്ചിരിക്കുകയാണോ എന്ന് ഞാൻ റെഡ് ജയന്റ്സ് മൂവീസിലെ ഒരാളോടു ചോദിച്ചിട്ടുണ്ട്. ഞാനാണ് അയാളെ ഉദയനിധിയുടെ അടുത്തെത്തിച്ചത്.

ഇവരോടൊക്കെ എതിർത്ത് പറയാൻ ആർക്കും ധൈര്യമില്ല. അതിന് ആദ്യം നിർമ്മാതാക്കൾക്ക് ധൈര്യം ഉണ്ടാകണം. മൂന്നുനേരത്തെ ആഹാരത്തിന് അധ്വാനിക്കുന്നവരാണ് തങ്ങളെപ്പോലുള്ളവർ. രത്നം ഇറങ്ങുമ്പോൾ എന്തെങ്കിലും ഇതുപോലെ ഇനിയും തടസ്സം സൃഷ്ടിച്ചാൽ തിരിച്ചടിക്കാൻ താൻ തയാറാണെന്നും സിനിമ ആരുടെയും കാൽ കീഴിലല്ലെന്നും വിശാൽ കൂട്ടിച്ചേർത്തു.

Be the first to comment

Leave a Reply

Your email address will not be published.


*