ലോക്‌സഭാ തെരഞ്ഞെടുപ്പ്: ദൃശ്യ, ശ്രവ്യ പരസ്യങ്ങൾക്ക് അംഗീകാരം വാങ്ങണം

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് സംസ്ഥാനതലത്തിൽ രാഷ്‌ട്രീയ പാർട്ടികളും സംഘടനകളും നൽകുന്ന ദൃശ്യ, ശ്രവ്യ പരസ്യങ്ങൾക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലെ മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റിയുടെ അംഗീകാരം വാങ്ങണം. ജില്ലാതലത്തിൽ സ്ഥാനാർഥികളും വ്യക്തികളും നൽകുന്ന തെരഞ്ഞെടുപ്പ് പരസ്യങ്ങൾക്ക് ജില്ലാതല മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റിയുടെ അംഗീകാരമാണ് വേണ്ടത്.

നിർദിഷ്ട ഫോമിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം സി ഡിയിലോ പെൻഡ്രൈവിലോ അംഗീകാരം കിട്ടേണ്ട ഉള്ളടക്കവും സമർപ്പിക്കണം. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിൽ അഡീഷണൽ ചീഫ് ഇലക്റ്ററൽ ഓഫീസർ ഡോ. അദീല അബ്ദുള്ളയുടെ അധ്യക്ഷതയിൽ മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ജില്ലാ ഇലക്ഷൻ ഓഫീസർ കൂടിയായ ജില്ലാ കളക്റ്റർ ആയിരിക്കും ജില്ലാതല കമ്മിറ്റിയുടെ അധ്യക്ഷൻ.

ഇതു സംബന്ധിച്ച അപ്പീലുകൾ പരിശോധിക്കുന്നതിന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ അധ്യക്ഷതയിലുള്ള കമ്മിറ്റിക്കും രൂപം നൽകിയിട്ടുണ്ട്. അച്ചടി, ദൃശ്യ, ശ്രവ്യ മാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളും നിരീക്ഷിക്കുന്നതിനുള്ള മീഡിയ മോണിറ്ററിങ് സെല്ലും ചീഫ് ഇലക്റ്ററൽ ഓഫീസിൽ പ്രവർത്തിക്കുന്നു. വ്യാജ വാർത്തകൾ, പെരുമാറ്റ ചട്ടത്തിന് വിരുദ്ധമായ വാർത്തകൾ, പെയ്ഡ് ന്യൂസുകൾ എന്നിവ കണ്ടെത്തിയാൽ നിയമാനുസൃതമായ നടപടികൾ സ്വീകരിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*