വിവോയ്ക്ക് ബാങ്ക് അക്കൗണ്ടുകൾ പ്രവർത്തിപ്പിക്കാം; വ്യവസ്ഥകളോടെ മാത്രമെന്ന് കോടതി

ദില്ലി : കള്ളപ്പണം വെളുപ്പിക്കൽ കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ്  മരവിപ്പിച്ച വിവോയുടെ  ബാങ്ക് അക്കൗണ്ടുകൾ പ്രവർത്തിപ്പിക്കാൻ അനുവദിച്ച് ദില്ലി ഹൈക്കോടതി. 950 കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടി നൽകാൻ ഹൈക്കോടതി വിവോയോട് ആവശ്യപ്പെട്ടിട്ടുണ്ട്.  എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതിനെതിരെ വിവോ ഇന്ത്യ വെള്ളിയാഴ്ച ദില്ലി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.

മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ലൂത്രയാണ് ദില്ലി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.  250 കോടി രൂപ അക്കൗണ്ടിൽ സൂക്ഷിക്കുന്നിടത്തോളം വിവോയ്ക്ക് ബാങ്ക് അക്കൗണ്ടുകൾ പ്രവർത്തിപ്പിക്കാൻ കഴിയുമെന്ന് കോടതി പറഞ്ഞു. വിഷയത്തിൽ കൂടുതൽ വാദം കേൾക്കുന്നതിനായി കേസ്  ജൂലൈ 28 ന് പരിഗണിക്കും. 

കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണവുമായി ബന്ധപ്പെട്ട് ജൂലൈ 5 ന് വിവോ ഷോറൂമുകളിലും അനുബന്ധ സ്ഥാപനങ്ങളിലും എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് റെയ്ഡുകൾ നടത്തിയിരുന്നു. 2017 നും 2021 നും ഇടയിൽ ഇന്ത്യയിൽ നികുതി അടയ്ക്കുന്നത് ഒഴിവാക്കാൻ വിവോ  62,476 കോടി രൂപ ചൈനയിലേക്ക് അയച്ചതായാണ് റിപ്പോർട്ട്. ഡൽഹി, ഉത്തർപ്രദേശ്, മേഘാലയ, മഹാരാഷ്ട്ര എന്നിവടങ്ങളിലുള്ള സ്ഥാപനങ്ങളിലും റെയ്ഡുകൾ നടത്തിയിരുന്നു.  

ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നത് ഇന്ത്യയിലും ലോകമെമ്പാടുമുള്ള വിവോയുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും കൂടാതെ ബാങ്ക് അക്കൗണ്ടുകൾ വഴി നടത്തുന്ന വിവോയുടെ നിലവിലുള്ളതോ ഭാവിയിലോ ഉള്ള ബിസിനസ്സ് പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുമെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച  ഹർജിയിൽ വിവോ ചൂണ്ടിക്കാട്ടി.

Be the first to comment

Leave a Reply

Your email address will not be published.


*