വിഴിഞ്ഞം തുറമുഖം ഓണത്തിന് പ്രവർത്തനം ആരംഭിക്കും; ട്രയൽ റൺ മേയ് മുതൽ

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖം ഓണത്തിന് പ്രവർത്തനം ആരംഭിക്കും. മേയ് മാസം തുറമുഖത്തിന്‍റെ ട്രയൽ റൺ ആരംഭിക്കും. തുറമുഖം വൈകിയതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരുമായി നടത്തിവന്ന ആർബിട്രേഷൻ നടപടികൾ ഒത്തുതീർത്തെന്നും അദാനി ഗ്രൂപ്പ് അറിയിച്ചു.

വിഴിഞ്ഞം രാജ്യാന്തര തുറമുഖം വാണിജ്യ അടിസ്ഥാനത്തിൽ ഡിസംബറിൽ പ്രവർത്തനമാരംഭിക്കുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത് എന്നാൽ നിർമ്മാണം വേഗത്തിൽ പുരോഗമിക്കുന്ന സാഹചര്യത്തിൽ സെപ്റ്റംബറോടെ തന്നെ പ്രവർത്തനം ആരംഭിക്കുമെന്ന് അദാനി വിഴിഞ്ഞം പോർട്ടിന്റെ സിഇഒ ആയി ചുമതല ഏറ്റെടുത്ത പ്രദീപ് ജയരാമൻ പറഞ്ഞു.

വിഴിഞ്ഞത്തു നിന്ന് പ്രവർത്തനം തുടങ്ങാൻ പ്രമുഖ രാജ്യാന്തര ഷിപ്പിംഗ് കമ്പനികളുമായുള്ള ചർച്ച അന്തിമഘട്ടത്തിലാണ്. മേയ്- ജൂൺ മാസങ്ങളിൽ തുറമുഖത്തിന്‍റെ ട്രയൽ റൺ നടക്കും. ബാർജിൽ 30 കണ്ടെയ്നറുകൾ എത്തിച്ചാകും തുറമുഖത്തിന്റെ പ്രവർത്തനക്ഷമത പരിശോധിക്കുന്നത്. തുറമുഖത്തിന്‍റെ രണ്ടും മൂന്നും ഘട്ടങ്ങളുടെ നിർമാണ പ്രവർത്തനം 2028 ൽ പൂർത്തിയാക്കും.

പതിനായിരം കോടിയാണ് അദാനി ഗ്രൂപ്പ് ഇതിനായി നിക്ഷേപിക്കുന്നത്. തുറമുഖത്തെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന റോഡിനായി 34 സെൻറ് സ്ഥലം കൂടി ഏറ്റെടുക്കാൻ ഉണ്ട്. ഇത് ഉടൻ പൂർത്തിയാകുമെന്ന് സ്ഥാനമൊഴിയുന്ന സിഇഒ രാജേഷ് ത്സാ പറഞ്ഞു. പുതുതായി തുടങ്ങിയ അദാനി സിമന്‍റ്സിന്‍റെ തലപ്പത്തേക്ക് നിയുക്തനായ രാജേഷ് ത്സാ, അദാനി വിഴിഞ്ഞം പോർട്സിന്‍റെ എംഡി സ്ഥാനത്ത് തുടരും.

Be the first to comment

Leave a Reply

Your email address will not be published.


*