വിഴിഞ്ഞം പദ്ധതി; മുഖ്യമന്ത്രി മുന്‍ നേതാക്കളുടെ പേര് പറയാത്തത് വിവാദമാക്കേണ്ട; ജോസ് കെ മാണി

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുടെ ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍ നേതാക്കളുടെ പേര് പറയാത്തത് വിവാദമാക്കേണ്ടെന്ന് ജോസ് കെ മാണി. എല്ലാവര്‍ക്കും പങ്കുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. മന്ത്രിസഭയില്‍ മാണി സാറും ഉണ്ടായിരുന്നല്ലോയെന്നും ജോസ് കെ മാണി ചോദിച്ചു.

തിരഞ്ഞെടുപ്പ് തോല്‍വിയില്‍ മുന്നണിക്ക് കൂട്ടുത്തരവാദിത്തമെന്നത് യഥാര്‍ഥ ഇടതുപക്ഷ നിലപാടെന്നും ജോസ് കെ മാണി പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരിടണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. പദ്ധതിക്ക് തുടക്കമിട്ടത് ഉമ്മന്‍ ചാണ്ടിയാണെന്നും അതിനാല്‍ തുറമുഖത്തിന് അദ്ദേഹത്തിന്റെ പേരിടണമെന്നായിരുന്നു കോണ്‍ഗ്രസ്സിന്റെ ആവശ്യം. ഇതിനോട് പ്രതികരിക്കുകയായിരുന്നു ജോസ് കെ മാണി.

കൂടാതെ വിഴിഞ്ഞം പോര്‍ട്ടിന്റെ ക്രെഡിറ്റിന്റെ പേരില്‍ സ്ഥലത്ത് ഫ്‌ലക്‌സ് യുദ്ധം ഉയര്‍ന്നിരുന്നു. പിണറായി വിജയന്റെയും ഉമ്മന്‍ചാണ്ടിയുടെയും ഫ്‌ലക്‌സുകളാണ് ഇവിടെ ഉയര്‍ന്നത്. പദ്ധതി തങ്ങളുടേതാണെന്ന അവകാശവാദം ഉന്നയിച്ചാണ് ഇടത്, വലത് മുന്നണികളുടെ ഫ്‌ലക്‌സുകള്‍ ഉയര്‍ന്നത്. വിജയവഴി വിഴിഞ്ഞം എന്നാണ് സിപിഐഎം ഫ്‌ലക്‌സില്‍ കുറിച്ചിരിക്കുന്നത്. എന്നാല്‍ ഉമ്മന്‍ചാണ്ടിയെ മറക്കരുത് എന്ന് കോണ്‍ഗ്രസ് ഫ്‌ലക്‌സിലൂടെ തിരിച്ചടിച്ചു. എന്തായാലും ഫ്‌ലക്‌സ് യുദ്ധത്തില്‍ ബിജെപി ഇല്ല.

വിഴിഞ്ഞം പദ്ധതിയുടെ അവകാശം ഉന്നയിച്ചുകൊണ്ടുള്ള ഫ്‌ലക്‌സുകള്‍ ഉയര്‍ന്നതോടെ ഈ പ്രദേശത്തെ റോഡിലൂടെ വാഹനങ്ങള്‍ക്ക് കടന്നുപോകാനോ നടക്കാനോ ഉള്ള സ്ഥലം പോലും ഇല്ലാതായി വീര്‍പ്പുമുട്ടുകയാണ്. പദ്ധതി പ്രദേശത്തിന്റെ മുന്നില്‍ പോലും പണി പൂര്‍ത്തിയായിട്ടില്ല. കണ്ടെയ്‌നര്‍ കൊണ്ടുപോകാനുള്ള റോഡ് ഇടുങ്ങിയതാണ്. പദ്ധതി പ്രദേശത്തേക്കുള്ള റോഡ് ഒരു കിലോമീറ്റര്‍ പൂര്‍ത്തിയായാല്‍ നാലുവരി പാതയില്‍ എത്താം. വിഴിഞ്ഞം പോര്‍ട്ടിനോട് പ്രദേശവാസികള്‍ക്ക് സമ്മിശ്ര പ്രതികരണമാണ്. ഒരു ഗുണവും നമുക്കില്ലെന്ന് ഒരു വിഭാഗവും വികസനം വരേണ്ടത് തന്നെയെന്ന് മറ്റൊരു വിഭാഗവും പറയുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*