കോട്ടയം: വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ കേന്ദ്ര ഗവൺമെൻ്റിൻ്റെ നിലപാട് പ്രതിഷേധകരമെന്ന് സഹകരണ തുറുമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ. വിജിഎഫ് ഫണ്ട് അനുവദിക്കുന്നതിൽ അന്യായ വ്യവസ്ഥ അടിച്ചേൽപ്പിച്ച് കേരളത്തോട് പകപോക്കുന്നതായും മന്ത്രി വി എൻ വാസവൻ പറഞ്ഞു. കോട്ടയത്ത് വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
‘ഡിസംബറോട് കൂടി കമ്മീഷൻ ചെയ്യാൻ ആയിരുന്നു തീരുമാനം. കേന്ദ്രം ഇതുവരെ നയാപൈസ നൽകിയില്ല. വിജിഎഫ് നൽകുന്നത് വായ്‌പയായിട്ടാണ്. കേന്ദ്രം നൽകുന്ന 817 കോടിക്ക് തിരിച്ചടക്കേണ്ടി വരിക 10000 കോടിയിലധികം രൂപയാണ്. കേന്ദ്രം സ്വീകരിക്കുന്നത് വിവേചനപരമായ നിലപാടാണ്. വയബിലിറ്റി ഗ്യാപ് ഫണ്ടിങ്ങിന്‍റെ യുക്തിയെ തന്നെ നിരാകരിക്കുന്ന തീരുമാനമാണിതെന്നും’ വിഎന്‍ വാസവന്‍ പറഞ്ഞു.
അതേസമയം, ഇതിന് പിന്നിൽ അദാനിയുടെ സമ്മർദം ഉള്ളതായി തോന്നുന്നില്ലെന്നും വിഎന്‍ വാസവന്‍ വ്യക്തമാക്കി. കേന്ദ്രം ഈ തീരുമാനത്തിൽ നിന്ന് പിന്തിരിയണം. സംസ്ഥാന സർക്കാരിനെ അപമാനിക്കുന്ന തരത്തിലാണ് കേന്ദ്ര നിലപാട്. അർഹിക്കുന്ന വിജിഎഫ് നൽകാൻ തയ്യാറാകണം. കേന്ദ്രത്തോട് വിഷയം വീണ്ടും ആവശ്യപ്പെടുമെന്നും വിഎന്‍ വാസവന്‍ പറഞ്ഞു.
Be the first to comment