വൈക്കം ക്ഷേത്രത്തിലെ വടക്ക് പുറത്ത് പാട്ട് എതിരേൽപ്പിൽ ജാതി വിവേചനം ഒഴിവാക്കിയത് സർക്കാർ തീരുമാനമെന്ന് മന്ത്രി വിഎൻ വാസവൻ

കോട്ടയം: വൈക്കം ക്ഷേത്രത്തിലെ വടക്ക് പുറത്ത് പാട്ട് എതിരേൽപ്പിൽ ജാതി വിവേചനം ഒഴിവാക്കിയത് സർക്കാർ തീരുമാനമെന്ന് മന്ത്രി വിഎൻ വാസവൻ. വ്രതം നോക്കുന്ന എല്ലാ ഭക്തർക്കും തുല്യ പരിഗണന നൽകുമെന്നും ജാതി വിവേചനം ഈ കാലഘട്ടത്തിൽ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി വിഎന്‍ വാസവന്‍.

വൈക്കം ക്ഷേത്രത്തിലെ വടക്ക് പുറത്ത് പാട്ട് എതിരേൽപ്പിച്ച് ചടങ്ങിന് വ്രതം നോറ്റ് എത്തുന്ന എല്ലാ ഭക്തർക്കും വിളക്കെടുക്കുന്നതിനുള്ള സൗകര്യം ഒരുക്കും. 12 വർഷത്തിലൊരിക്കൽ മാത്രം വൈക്കം മഹാദേവ ക്ഷേത്രത്തിൽ നടക്കുന്ന വടക്കുപുറത്ത് പാട്ടിന്‍റെ എതിരേൽപ്പിച്ച് ചടങ്ങിന് വിളക്ക് എടുക്കുവാൻ വടക്ക് പുറത്ത് പാട്ട് സമിതി തയ്യാറാക്കിയ പട്ടികയ്ക്ക് ഒപ്പം വ്രതം നോറ്റ് വിളക്കെടുക്കാൻ എത്തുന്ന എല്ലാ ഭക്തർക്കും വിളക്ക് എടുക്കുന്നതിനുള്ള സൗകര്യമൊരുക്കും എന്ന് ബോർഡ് അറിയിച്ചു.

വിളക്കെടുക്കാനെത്തുന്ന ഭക്തർ കുത്തുവിളക്ക് കൂടി ഒപ്പം കരുതണം. സ്ഥല പരിമിതിയുള്ളതിനാൽ ദേവസ്വം ഉദ്യോഗസ്ഥരുടെയും പൊലീസിന്‍റെയും നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. 12 വർഷങ്ങൾക്ക് ശേഷം മാത്രമേ ഇനി വടക്കുപുറത്ത് പാട്ട് നടക്കുള്ളു എന്നതിനാൽ, വ്രതം നോറ്റ് എതിരേൽപ്പിനായി എത്തുന്ന ഭക്തരെ ഒഴിവാക്കുന്നത് അനുചിതമാണ് എന്നതാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ നിലപാട്. അതിനാൽ വ്രതം നോറ്റ് വിളക്കെടുക്കാൻ എത്തുന്ന എല്ലാ ഭക്തർക്കും വിളക്ക് എടുക്കുന്നതിനുള്ള സൗകര്യം ഒരുക്കി കൊടുക്കും.

വൈക്കം സത്യാഗ്രഹത്തിന്‍റെ നൂറാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ വൈക്കം മഹാദേവ ക്ഷേത്രത്തിലെ ചടങ്ങുകളിൽ ജാതി തിരിച്ചുള്ള പങ്കാളിത്തം പൂർണമായും ഒഴിവാക്കും. എല്ലാ ജാതിക്കാരെയും ഉൾപ്പെടുത്തി എണ്ണം നിജപ്പെടുത്താൻ ആയിരുന്നു വടക്കുപുറത്ത് പാട്ട് സമിതിയുടെ തീരുമാനം. എല്ലാ ജാതിയിൽ നിന്നുമായി 64 പേരെ ആയിരുന്നു തീരുമാനിച്ചത്. ഇത് മറികടന്ന് ആണ് പുതിയ തീരുമാനം.

Be the first to comment

Leave a Reply

Your email address will not be published.


*