വാഹനപ്രേമികളുടെ ഇഷ്ട മോഡലുകളിലൊന്നായ ഫോക്സ്‌വാഗൺ ടൈഗൺ ജിടി ലൈനും ജിടി പ്ലസ് സ്‌പോർട്ടും ഇന്ത്യൻ വിപണിയിൽ

വാഹനപ്രേമികളുടെ ഇഷ്ട മോഡലുകളിലൊന്നായ ഫോക്സ്‌വാഗൺ ടൈഗൺ ജിടി ലൈനും ജിടി പ്ലസ് സ്‌പോർട്ടും ഇന്ത്യൻ വിപണിയിൽ. ഫോക്‌സ്‌വാഗൺ ടൈഗൺ ജിടി ലൈനിന് 14.08 ലക്ഷം രൂപയും എംടി (മാനുവല്‍ ട്രാന്‍സ്മിഷന്‍), എടി (ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷന്‍) വേരിയൻ്റുകൾക്ക് 15.63 ലക്ഷം രൂപയുമാണ് വില. ജിടി പ്ലസ് സ്‌പോർട്ടിന് 18.54 ലക്ഷം രൂപയും എംടി, ഡിഎസ്‍ജി വേരിയൻ്റുകൾക്ക് 19.74 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്-ഷോറൂം വിലകൾ. കഴിഞ്ഞ മാസം പുറത്തിറക്കിയ എസ്‌യുവിയുടെ ബ്ലാക്ക് സ്‌പോർട്ട് തീം പ്രത്യേക പതിപ്പുകളാണിത്.

കഴിഞ്ഞ മാസം നടന്ന ആനുവല്‍ ബ്രാന്‍ഡ് കോണ്‍ഫറന്‍സിലായിരുന്നു പുതിയ വേരിയന്റുകള്‍ ജർമൻ വാഹനനിർമ്മാതാക്കളായ ഫോക്‌സ്‌വാഗൺ അവതരിപ്പിച്ചത്. വാഹനങ്ങൾ ഒരു അംഗീകൃത ഡീലർഷിപ്പിൽ നിന്നോ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായോ ബുക്ക് ചെയ്യാം. അത്യാധുനിക സാങ്കേതിക വിദ്യകളും കരുത്തുറ്റ ഫീച്ചറുകളും തന്നെയാണ് പുതിയ വേരിയന്റുകളുടെ പ്രത്യേകത. സെഗ്മെന്റ് കൂടുതൽ ബോൾഡും സ്പോർട്ടിയറും ആക്കാൻ പുറത്ത് നിന്നുള്ള ഡിസൈനിലും കമ്പനി മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്.

സ്മോക്ക്‌ഡ് എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, കാർബണ്‍ സ്റ്റീല്‍ ഗ്രെ ഫിനിഷോടുകൂടിയുള്ള റൂഫ്, ഡാർക്ക് ക്രോം ഫിനിഷില്‍ വരുന്ന ഡോർ ഹാന്‍ഡിലുകള്‍, 17 ഇഞ്ച് വരുന്ന പുതിയ അലോയ്‌ വീലുകളും വാഹനത്തിൻ്റെ പുറത്തെ പ്രധാന മാറ്റങ്ങളില്‍ ഉള്‍പ്പെടുന്നു. വാഹനത്തിൻ്റെ ഉൾവശത്തും അത്യാകർഷകമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഫോക്‌സ്‌വാഗൺ ടൈഗൺ ജിടി ലൈൻ 1.0 ലിറ്റർ പെട്രോൾ എഞ്ചിനിലാണ് വാഗ്ദാനം ചെയ്യുന്നത്.

കൂടാതെ 115 ബിഎച്ച്പി പീക്ക് പവറും 175 എൻഎം പരമാവധി ടോർക്കും ഉത്പാദിപ്പിക്കുന്നു. ആറ് സ്പീഡ് മാനുവൽ, ആറ്-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഓപ്ഷനുകളിൽ എഞ്ചിൻ വാഗ്ദാനം ചെയ്യുന്നു. ഫോക്‌സ്‌വാഗൺ ടൈഗൺ ജിടി പ്ലസ് സ്‌പോർട്ട് 1.5 ലിറ്റർ എഞ്ചിനിൽ ലഭ്യമാണ്, 148 ബിഎച്ച്‌പിയും 250 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു.

ടൈഗൺ ജിടി ലൈൻ 17 ഇഞ്ച് വീലുകളാണ് വരുന്നത്. ഫ്രണ്ട് ഗ്രിൽ, ഹെഡ്‌ലൈറ്റുകൾ, റൂഫ് റെയിലുകൾ, സ്‌പോയിലർ, ഡോറുകൾ, സീറ്റ് കവറുകൾ, ഫ്രണ്ട് സെൻ്റർ ആംറെസ്റ്റ്, സ്റ്റിയറിംഗ് വീൽ എന്നിവയിൽ ബ്ലാക്ക്ഡ് ഔട്ട് തീമാണ് നല്‍കിയിരിക്കുന്നത്. ടോപ്പ്-സ്പെക്ക് ടൈഗൺ ജിടി പ്ലസ് ക്രോം അടിസ്ഥാനമാക്കിയുള്ളതാണിത്. വാഹനത്തിൻ്റെ ബോഡി കൂടുതല്‍ സ്റ്റൈലിഷും ആകർഷകവുമാക്കുന്നതിനായി വിവിധ ഭാഗങ്ങളില്‍ വ്യത്യസ്തമായ ചുവന്ന ബിറ്റുകൾ നല്‍കിയിട്ടുണ്ട്. ഇന്റീരിയറില്‍ സീറ്റ്, സ്റ്റിയറിങ് വീല്‍, ആംറെസ്റ്റ്, ഡോർ എന്നിവയിലാണ് ചുവന്ന ബിറ്റുകളുള്ളത്.

Be the first to comment

Leave a Reply

Your email address will not be published.


*