പാല്‍ കുടിച്ചതിന് ശേഷം ഛർദ്ദിയും വയറുവേദനയുമുണ്ടോ? കാരണമിതാണ്

ഹൈദരാബാദ്: ഭൂരിഭാഗം ആളുകളും പാൽ ഇഷ്‌ടമുള്ളവരും പാല്‍ കുടിക്കുന്നവരുമാണ്. എന്നാല്‍ പാല്‍ കുടിക്കുന്നത് ചിലപ്പോള്‍ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നു. ഇത് പാലിന്‍റെ കുഴപ്പം കൊണ്ടല്ല. ശരീരത്തിലെ ചില പ്രത്യേകതകള്‍ കൊണ്ടാണ് ഇങ്ങിനെ സംഭവിക്കുന്നത്. പാലില്‍ അടങ്ങിയിരിക്കുന്ന ഘടകമായ ലാക്ടോസ് ദഹിപ്പിക്കാന്‍ സാധിക്കാതെ വരുമ്പോഴാണ് പാല്‍ അപകടകാരിയായി മാറുന്നത്.

ചെറുകുടലിലെ ലാക്റ്റേസ് എൻസൈമാണ് ലാക്ടോസിനെ വിഘടിപ്പിച്ച് ദഹന പ്രക്രിയ പൂര്‍ത്തിയാക്കുന്നത് . എന്നാൽ നമ്മുടെ ശരീരത്തില്‍ ലാക്റ്റേസ് എൻസൈമിന്‍റെ ഉത്പാദനം സ്വാഭാവികമായും കുറയുന്നു. ചില ആളുകൾക്ക് ജനിതകപരമായി തന്നെ ലാക്റ്റേസിന്‍റെ അളവ് ഗണ്യമായി കുറയാനും സാധ്യതയുണ്ട്. ഇതുമൂലം പാൽ അല്‍പം കുടിച്ചാല്‍ പോലും ദഹിക്കില്ല.

ഇതിനെയാണ് ലാക്ടോസ് ഇൻടോളറൻസ് എന്ന് വിളിക്കുന്നത്. ലാക്റ്റേസ് എൻസൈം സാധാരണയായി പാലിനെ ഗ്ലൂക്കോസ്, ഗാലക്ടോസ്, ഷുഗർ എന്നീ ഘടകങ്ങളാക്കി വിഘടിപ്പിക്കുന്നു. ഇവ കുടലിൻ്റെ ഭിത്തികളിലൂടെ രക്തത്തിൽ പ്രവേശിക്കുന്നു. ലാക്റ്റേസ് എൻസൈം വേണ്ടത്ര ഉൽപ്പാദിപ്പിക്കപ്പെടുന്നില്ലെങ്കിൽ, ലാക്ടോസ് നേരിട്ട് വൻകുടലിലേക്ക് കടക്കുന്നു. അവിടെയുള്ള ബാക്‌ടീരിയകളുമായി ഇത് പ്രതിപ്രവർത്തിക്കുന്നു.

ഇത് വയറിളക്കം, ഓക്കാനം, ചിലപ്പോൾ ഛർദ്ദി, വയറുവേദന തുടങ്ങിയവയ്ക്ക് കാരണമാകുന്നു. പാൽ കുടിച്ച് അര മണിക്കൂർ മുതൽ രണ്ട് മണിക്കൂർ വരെ ഈ ലക്ഷണങ്ങള്‍ ഉണ്ടാകാം. പാലും പാലുൽപ്പന്നങ്ങളും കഴിക്കുന്നത് നിർത്തിയാൽ ഇത് കുറയ്‌ക്കാവുന്നതാണ്.

എന്നാല്‍ തൈര് കഴിക്കുന്നത് ഇത്തരം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയില്ല. കാരണം ഭാഗികമായി ദഹിപ്പിച്ച, പാൽ കൊണ്ടാണ് തൈര് നിർമ്മിക്കുന്നത്. അതിനാൽ തൈര് ശരീരം നന്നായി ആഗിരണം ചെയ്യുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*