ലോക്സഭാ ഇലക്ഷൻ ആദ്യഘട്ട വോട്ടെടുപ്പ്; വോട്ടിംഗ് ശതമാനത്തില്‍ നാല് ശതമാനത്തിൻ്റെ കുറവ്

2024 ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട വോട്ടെടുപ്പിൽ വോട്ടിംഗ് ശതമാനം 2019നെ അപേക്ഷിച്ച് നാല് ശതമാനം കുറവ്. 18-ാം ലോക്സഭയ്ക്കായുള്ള തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റിലേക്കുള്ള വോട്ടെടുപ്പായിരുന്നു ഏപ്രിൽ 19ന് നടന്നത്. ഇതിൻ്റെ വോട്ടിംഗ് ശതമാനത്തിലുണ്ടായ കുറവ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ ആശങ്കയിലാക്കിയിട്ടുണ്ട്. അടുത്ത ആറ് ഘട്ടങ്ങളിലും ആളുകളെ കൂടുതലായി പോളിങ് ബൂത്തിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളും കമ്മീഷൻ ആരംഭിച്ചിട്ടുണ്ട്.

102 ലോക്സഭാ സീറ്റിലേക്കാണ് വെള്ളിയാഴ്ച വോട്ടെടുപ്പ് നടന്നത്. 65.5 ശതമാനമായിരുന്നു വോട്ടിംഗ് ശതമാനം. ഇവിടെ 2019ൽ 70 ശതമാനമായിരുന്നു വോട്ടിംഗ് ശതമാനം. അന്തിമ പോളിങ് കണക്കുകൾ പുറത്തുവിട്ടിട്ടില്ലെങ്കിലും ശനിയാഴ്ച വൈകുന്നേരം ഏഴുമണിവരെയുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ ടേൺ ഔട്ട് ആപ്പ് പ്രകാരം, ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടന്ന സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഉള്‍പ്പെട്ട 21 ഇടങ്ങളിൽ 19 സ്ഥലങ്ങളിലും പോളിങ് കുറവായിരുന്നു. 102-ൽ 10 സീറ്റുകൾ ഒഴികെ, മിക്കവാറും എല്ലായിടത്തും പോളിങ് ശതമാനം കുറഞ്ഞു. ഏകദേശം 48 ലക്ഷം വോട്ടർമാരാണ് വോട്ട് ചെയ്യാൻ എത്താതിരുന്നത്.

വോട്ടെടുപ്പ് പൂർത്തിയായ തമിഴ്‌നാട്ടിൽ, മൂന്ന് ശതമാനത്തിൻ്റെ കുറവാണ് പോളിങ്ങിലുണ്ടായത്. 72.44 ശതമാനമായിരുന്നു അഞ്ച് വർഷങ്ങൾക്കിപ്പുറം 69.46 ആയാണ് കുറഞ്ഞത്. ഉത്തരാഖണ്ഡിലും സമാനമാണ് അവസ്ഥ. ആറുശതമാനത്തിന്റേതാണ് ഉത്തരാഖണ്ഡിൽ ഉണ്ടായിരിക്കുന്ന കുറവ്. അതേസമയം, ആദ്യഘട്ടത്തിൽ ഉൾപ്പെട്ട ഛത്തീസ്ഗഡിലെ ബസ്തറിൽ ഒരുശതമാനത്തിൻ്റെയും മേഖലയിലെ രണ്ടുസീറ്റിൽ രണ്ട് ശതമാനത്തിൻ്റെയും വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു.

അതേസമയം, സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് വോട്ടെടുപ്പ് പൂര്‍ണമായി തടസപ്പെട്ട മണിപ്പൂരിലെ 11 പോളിങ് ബൂത്തുകളില്‍ ഇന്ന് റീ-പോളിങ് നടക്കും. ഇന്നര്‍ മണിപ്പൂര്‍ ലോക്‌സഭ മണ്ഡലത്തിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളിലെ പോളിങ് സ്‌റ്റേഷനുകളിലാണ് റീ-പോളിങ് നടക്കുന്നത്. അക്രമത്തെ തുടര്‍ന്ന് ഇവിടങ്ങളില്‍ വോട്ടെടുപ്പ് പൂര്‍ണമായി നിര്‍ത്തിവച്ചിരുന്നു. തുടര്‍ന്ന്, റീ-പോളിങ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഏപ്രില്‍ 19-നാണ് മണിപ്പൂരിലെ രണ്ട് ലോക്‌സഭ മണ്ഡലങ്ങളായ ഇന്നര്‍, ഔട്ടര്‍ മണിപ്പൂര്‍ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*