വി എസിന് ഇന്ന് നൂറാം പിറന്നാള്‍

മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന് ഇന്ന് 100-ാം ജന്മദിനം. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഏറെ നാളായി മകന്‍ അരുണ്‍കുമാറിന്റെ തിരുവനന്തപുരത്തെ വീട്ടിലാണ് വി എസ്. സന്ദർശകർക്ക് വിലക്കുള്ളതിനാല്‍ പതിവ് പോലെ ആഘോഷങ്ങളില്ലാതെയായിരിക്കും 100-ാം ജന്മദിനവും കടന്നുപോകുക.

കേരളത്തിലെ ഏറ്റവും പ്രബലമായ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഏറ്റവും മുതിര്‍ന്ന നേതാവ് എന്നതിനപ്പുറം ആലപ്പുഴയിലെ ഒരു സാധാരണ തയ്യല്‍ തൊഴിലാളിയില്‍ നിന്ന് ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭരായ രാഷ്ട്രീയ നേതാക്കളില്‍ ഒരാളായി മാറിയ വിഎസിന്റെ ഒരു നൂറ്റാണ്ട് കാലത്തെ ജീവിതം നമ്മുടെ നാടിന്റെ കൂടി ചരിത്രമാണ്.

1940ല്‍ കമ്മ്യൂണിസ്റ്റ് പാർട്ടിയില്‍ അംഗത്വം നേടിയ വി എസ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെത്തുന്നത് 1965ലാണ്. അമ്പലപ്പുഴയില്‍ നിന്ന് മത്സരിച്ച വി എസ് ആദ്യ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. പിന്നീട് ഒന്‍പത് തവണ നിയമസഭയിലേക്ക് മത്സരിച്ച വി എസ് ഏഴ് പ്രാവശ്യവും വിജയിച്ചു. പരാജയം സംഭവിച്ചത് 1977ലും (അമ്പലപ്പുഴ) 1996ലും (മരാരിക്കുളം).

2006 നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഉജ്വല ജയം നേടിയപ്പോള്‍ വി എസ് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. 2011 നിയമസഭാ തിരഞ്ഞെടുപ്പില്‍ വെറും നാല് എംഎല്‍എമാരുടെ ഭൂരിപക്ഷത്തിലായിരുന്നു യുഡിഎഫ് അധികാരത്തിലെത്തിയത്. വി എസിന്റെ ഭരണമികവുകൊണ്ടാണ് യുഡിഎഫിന് മുന്നേറ്റമുണ്ടാക്കാനാകാതെ പോയതെന്നായിരുന്നു വിലയിരുത്തല്‍.

2016 നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ വി എസ് ആയിരുന്നു ഇടതിന്റെ മുഖമായത്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായപ്പോള്‍ ഭരണപരിഷ്കാര ചെയർമാന്റെ ചുമതലയായിരുന്നു വി എസിന്. പിന്നീടാണ് വി എസിന്റെ ആരോഗ്യസ്ഥിതി മോശമാകുന്നതും പൂർണവിശ്രമത്തിലേക്ക് കടക്കുന്നതും. 99-ാം വയസില്‍ കോവിഡിനേയും മറികടന്നാണ് വി എസ് നൂറിന്റെ കരുത്തിലേക്ക് എത്തുന്നത്.

 

 

Be the first to comment

Leave a Reply

Your email address will not be published.


*