‘പൂരം അലങ്കോലപ്പെടുത്താൻ രാഷ്ട്രീയ ഗൂഢാലോചന നടന്നു; കലക്കിയെന്ന വാദത്തിൽ ഉറച്ചുനിൽക്കുന്നു’; വിഎസ് സുനിൽ കുമാർ

തൃശൂർ പൂരം അലങ്കോലപ്പെടുത്താൻ വലിയ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് വിഎസ് സുനിൽകുമാർ. പൂരം കലങ്ങിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം അദ്ദേഹം തള്ളി. പൂരം കലക്കിയെന്ന വാദത്തിൽ ഉറച്ചുനിൽക്കുന്നതായി വിഎസ് സുനിൽ കുമാർ വ്യക്തമാക്കി. എൻഡിഎ സ്ഥാനാർത്ഥിക്കായി അനുകൂല സാഹചര്യം ഒരുക്കാനായി നടത്തിയ ​ഗൂഢാലോചനയാണ് പൂരം അലങ്കോലപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

പൂരത്തിന്റെ രക്ഷകനെന്ന് വരുത്തിതീർക്കാനാണ് എൻഡിഎ സ്ഥാനാർത്ഥി ശ്രമിച്ചതെന്ന് വിഎസ് സുനിൽ കുമാർ പറഞ്ഞു. പൂരം ആകെ അട്ടമറിക്കപ്പെട്ടുവെന്ന് ആരും പറഞ്ഞിട്ടില്ല. ചില ചടങ്ങുകൾ തടസപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുമായി തർക്കം ഉദിക്കുന്ന പ്രശ്‌നമില്ലെന്ന് വിഎസ് സുനിൽ കുമാർ പറഞ്ഞു. പൂരം ഭാഗികമായി അലങ്കോലപ്പെട്ടിട്ടുണ്ടെന്നത് സത്യമാണെന്ന് അദ്ദേഹം പറഞ്ഞു. പൂരം കലക്കിയെന്ന വാദം അന്നും ഇന്നും എപ്പോഴും ഉറച്ചുനിൽക്കുന്നതായി സുനിൽ കുമാർ  പറഞ്ഞു.

പകൽ പൂരം പോലും നടത്താൻ പറ്റാത്ത സാഹചര്യത്തിനാണ് ഗൂഢാലോചന ചെയ്തത്. രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചെന്നത് സത്യമാണെന്ന് വിഎസ് സുനിൽ കുമാർ പറഞ്ഞു. സുരേഷ് ഗോപി വന്ന് പൂരത്തെ രക്ഷപ്പെടുത്തിയെന്ന് പ്രചരിപ്പിക്കുകയാണ് ചെയ്തത്. അതേസമയം പൂരം കലങ്ങിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ചു. അലങ്കോലപ്പെടുത്താൻ‍ ശ്രമം മാത്രമാണ് നടന്നതെന്നാണ് മുഖ്യമന്ത്രിയുടെ വാദം.

പൂരം കലക്കണം എന്നത് സംഘപരിവാറിന്റെ താല്പര്യം ആയിരുന്നു. കലങ്ങി എന്ന് സ്ഥാപിക്കാനുള്ളത് യുഡിഎഫിൻ്റെ താല്പര്യമായി മാറിയിരിക്കുന്നു. ഇതിന് രണ്ടിനോടും ഒപ്പം അല്ല പൂര പ്രേമികളും ജനങ്ങളാകെയുമെന്ന് മുഖ്യമന്ത്രി ‍പറയുന്നു. പൂരവും അതുപോലുള്ള ഉത്സവങ്ങളും വർഗീയ നേട്ടങ്ങൾക്കായി ഉപയോഗിക്കാനുള്ള താല്പര്യം സംഘപരിവാറിന്റേതാണെന്ന് മുഖ്യമന്ത്രി വിമർശിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*