ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പങ്കെടുപ്പിച്ചു കൊണ്ട് നാളെ തൊടുപുഴയിൽ നടത്താൻ നിശ്ചയിച്ച പരിപാടിയിൽ നിന്നും പിന്നോട്ടില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. 1960ലെ ഭൂപതിവ് നിയമ ഭേദഗതിക്ക് അനുമതി നൽകാത്ത ഗവർണറുടെ നിലപാടിനെതിരെ ഇടുക്കി ജില്ലയിൽ എൽഡിഎഫ് നാളെ ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് വ്യാപാരി വ്യവസായി സമിതി നിലപാട് വ്യക്തമാക്കിയത്.
ഗവർണറുടെ പരിപാടിയിൽ പൊലീസിനോട് സുരക്ഷ ആവശ്യപ്പെട്ടിട്ടുണ്ട്. കടകൾ അടച്ചിട്ട് എൽഡിഎഫിന്റെ ഹർത്താലിനോട് സഹകരിക്കും. കാൽനടയായി പരിപാടിക്കെത്തുന്ന പ്രവർത്തകരെ തടഞ്ഞാൽ അംഗീകരിക്കില്ലെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ വ്യക്തമാക്കി. ഗവർണറുടെ നിലപാടിനെതിരെ നാളെ രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഇടുക്കി ജില്ലയിൽ എൽഡിഎഫ് ഹർത്താൽ. ഇതേ കാരണത്തിൽ എൽഡിഎഫ് നാളെ രാജ്ഭവൻ മാർച്ച് നടത്തുന്നുണ്ട്. ആ ദിവസം തന്നെ ഗവർണർ തൊടുപുഴയിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിക്ക് എത്തുന്നതിൽ പ്രതിഷേധിച്ചാണ് ഇടുക്കി ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ചത്.
വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ കാരുണ്യ കുടുംബ സുരക്ഷ പദ്ധതി ഉദ്ഘാടനം ചെയ്യാനാണ് ഗവർണർ തൊടുപുഴയിലെത്തുന്നത്. ഗവർണറെ തടയില്ലെന്നും പ്രതിഷേധ പ്രകടനങ്ങളുണ്ടാകുമെന്നും ഇടുക്കി ജില്ലാ എൽഡിഎഫ് കൺവീനർ കെ കെ ശിവരാമൻ അറിയിച്ചു. ഗവർണർക്കു നേരെ കരിങ്കൊടി പ്രതിഷേധം നടത്തുമെന്ന് എസ്എഫ്ഐയും വ്യക്തമാക്കിയിട്ടുണ്ട്.
Be the first to comment