
വാളയാര്‍ കേസിലെ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ പ്രതിചേര്‍ത്ത സിബിഐ നടപടിക്കെതിരെയാണ് മാതാപിതാക്കളുടെ ഹര്‍ജി. സിബിഐയുടെ കുറ്റപത്രം റദ്ദാക്കണമെന്നും തുടരന്വേഷണം നടത്തണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. മാതാപിതാക്കളെ പ്രതിചേര്‍ത്ത സിബിഐ നടപടി ‘ ആസൂത്രിതമായ അന്വേഷണ’ത്തിന്റെ ഭാഗമാണ് എന്നാണ് ഹര്‍ജിയില്‍ മാതാപിതാക്കള്‍ ഉയര്‍ത്തുന്ന പ്രധാന ആക്ഷേപം.
പെണ്‍കുട്ടികളുടെ മരണത്തില്‍ സുതാര്യമായ അന്വേഷണമല്ല സിബിഐ നടത്തിയത്. അധികാര ദുര്‍വിനിയോഗം നടത്തിയാണ് സിബിഐ കേസ് അന്വേഷിച്ചതെന്നുമാണ് ഹര്‍ജിയില്‍ മാതാപിതാക്കളുടെ വാദം. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി സിബിഐയോട് മറുപടി തേടി. ഹര്‍ജിയില്‍ ഏപ്രില്‍ രണ്ടിനകം സിബിഐ മറുപടി നല്‍കണം. ജസ്റ്റിസ് സി ജയചന്ദ്രന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി. സിബിഐ തിരുവനന്തപുരം യൂണിറ്റ് അന്വേഷിച്ചതില്‍ ആറ് കേസുകളിലാണ് മാതാപിതാക്കളെ പ്രതിചേര്‍ത്തത്. കുറ്റപത്രം എറണാകുളം പ്രത്യേക സിബിഐ കോടതിയുടെ പരിഗണനയിലാണ്.
Be the first to comment