
തിരുവനന്തപുരം: വഖഫ് ഭേദഗതി ബില്ലില്‍ പാര്‍ലമെന്റ് തീരുമാനം എടുക്കാനിരിക്കെ കേരളത്തിലെ കോണ്‍ഗ്രസിനെ കടുത്ത രാഷ്ട്രീയ സമ്മര്‍ദത്തിലാഴ്ത്തി കത്തോലിക്കാ സഭാ നേതൃത്വം. ബില്ലിനെ അനുകൂലിക്കാനോ തള്ളിപ്പറയാനോ കഴിയാത്ത അവസ്ഥയിലാണ് പാര്‍ട്ടി.
‘കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന വഖഫ് ഭേദഗതി ബില്ലില്‍ മുനമ്പത്തെ ഭൂമി വിഷയം പരിഹരിക്കാന്‍ ആവശ്യമായ നിര്‍ദേശം ഇല്ലെങ്കില്‍ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ അത് പാര്‍ലമെന്റില്‍ ഉറക്കെ പറഞ്ഞ് നിലപാട് പ്രഖ്യാപിക്കട്ടെ,’ എന്ന് കെസിബിസി അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് സമകാലിക മലയാളത്തോട് പറഞ്ഞു. ‘പാര്‍ലമെന്റില്‍ ബില്ല് വരുമ്പോള്‍ കോണ്‍ഗ്രസ് എംപിമാര്‍ നിലപാട് സ്വീകരിക്കട്ടെ. മുനമ്പത്തെ ജനങ്ങളുടെ സുരക്ഷയെ കരുതി ബില്ലിന് അനുകൂലമായ നിലപാട് സ്വീകരിക്കണമെന്നാണ് കെസിബിസി കേരളത്തില്‍ നിന്നുള്ള എംപിമാരോട് പറഞ്ഞത്. ഇത് കത്തോലിക്കരുടെ മാത്രം പ്രശ്നമല്ല മുനമ്പത്തെ മുഴുവന്‍ ജനങ്ങളുടെയും ആണ്,’ അദ്ദേഹം പറഞ്ഞു.
സമവായ ശ്രമങ്ങള്‍ക്കായി കോണ്‍ഗ്രസ് ദേശീയ നേതൃത്വം തന്നെ കേരള കത്തോലിക്ക ബിഷപ്പ് കൗണ്‍സിലിനെ (കെസിബിസി) വ്യാഴാഴ്ച സമീപിച്ചുവെങ്കിലും സഭ ഒരു ഉറപ്പും നല്‍കിയിട്ടില്ല. ‘തങ്ങള്‍ വിഷയം ചര്‍ച്ച ചെയ്യുകയാണെന്നും സഭയുടെ ആശങ്കകള്‍ അടക്കം പരിഗണനയിലുണ്ടെന്നും കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. ബില്‍ ന്യൂനപക്ഷ വിരുദ്ധമാണെന്നും, സമൂഹത്തില്‍ ധ്രുവീകരണമാണ് ലക്ഷ്യമെന്നും കോണ്‍ഗ്രസ് നേതൃത്വം കര്‍ദിനാള്‍ ഉള്‍പ്പെടെ കെസിബിസി നേതൃത്വത്തെ ധരിപ്പിച്ചതായാണ് അറിവ്. ബില്ലിലെ ഭരണഘടനാ വിരുദ്ധമായ ഭാഗങ്ങള്‍ അടക്കം ചൂണ്ടിക്കാട്ടി പാര്‍ലമെന്റില്‍ എതിര്‍ക്കാന്‍ ബുധനാഴ്ച യോഗം ചേര്‍ന്ന ഇന്ത്യാ സഖ്യവും തിരുമാനിച്ചിരുന്നു. എന്നാല്‍ കത്തോലിക്ക സഭയുടെ കടുത്ത നിലപാടും ബിജെപി ‘കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കുവാന്‍’ ശ്രമിക്കുന്നുവെന്ന ആശങ്കയും കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാര്‍ എഐസിസിയെ ധരിപ്പിച്ചു.
രാവിലെ ചേര്‍ന്ന യുഡിഎഫ് എപിമാരുടെ യോഗവും വിഷയം ചര്‍ച്ച ചെയ്തിരുന്നു. കോണ്‍ഗ്രസിന് 14 എംപിമാരും കേരളാ കോണ്‍ഗ്രസിന് ഒരു എംപിയും ഉണ്ട്. മുസ്ലിംലീഗിന് രണ്ട്, ആര്‍എസ്പിക്ക് ഒന്ന് എന്നിങ്ങനെയാണ് സംസ്ഥാനത്തെ യുഡിഎഫ് എംപിമാരുടെ എണ്ണം. കത്തോലിക്കാ സഭയുടെ നിലപാട് ഇക്കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും എത്തവണത്തെയും പോലെ കോണ്‍ഗ്രസിന് അനുകൂലമായിരുന്നു. അതുകൊണ്ട് തന്നെ ബില്ലിന് എതിരായ നിലപാടില്‍ രാഷ്ട്രീയമായ തിരിച്ചടിയും സഭാ വിശ്വാസികള്‍ക്കിടയില്‍ ഒറ്റപ്പെടാന്‍ സാധ്യതയും കോണ്‍ഗ്രസിനാണുള്ളത്. ‘കോണ്‍ഗ്രസ് നേതൃത്വം ബില്ലിനെ കുറിച്ച് ആലോചിച്ച് കൊണ്ടിരിക്കുകയാണെന്നാണ് അവസാന നിമിഷവും പറഞ്ഞത്,’ കെസിബിസിയുടെ ഔദ്യോഗിക പ്രതിനിധി സമകാലിക മലയാളത്തോട് പറഞ്ഞു.
‘ഞങ്ങള്‍ ബില്ലിനെ കുറിച്ചുള്ള നിലപാട് ചര്‍ച്ചക്കായി അവതരിപ്പിച്ചു കഴിഞ്ഞു,’ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് പറഞ്ഞു. ‘കേരളത്തിലെ എം.പിമാര്‍ ബില്ലിനെ അനുകൂലിച്ചോ പ്രതികൂലിച്ചോ വോട്ട് ചെയ്യട്ടെ. മുനമ്പം ഭൂപ്രശ്നം പരിഹരിക്കാന്‍ ഇപ്പോള്‍ ബില്ലിലൂടെ അനുകൂലമായ സാഹചര്യം ഉണ്ടായികഴിഞ്ഞിട്ടുണ്ട്. അതില്‍ ജനങ്ങള്‍ക്ക് അനൂകൂലമായി നിലപാട് സ്വീകരിക്കണമെന്നുണ്ടെങ്കില്‍ അത് സ്വീകരിക്കും. ജനങ്ങള്‍ ഇത് എല്ലാം കാണുന്നുണ്ടല്ലോ,’ അദ്ദേഹം പറഞ്ഞു.
അതേസമയം. നിര്‍ദിഷ്ട ബില്ലില്‍ മുനമ്പം പ്രശ്നം പരിഹരിക്കാന്‍ വ്യവസ്ഥ ഇല്ലെന്ന വാദം കോണ്‍ഗ്രസ് ഉയര്‍ത്തുന്നുണ്ടല്ലോന്ന ചോദ്യത്തിന് ‘അങ്ങനെയാണ് അവര്‍ കരുതുന്നതെങ്കില്‍ ആ നിലപാട് പരസ്യമായി പറയണ’മെന്ന് കര്‍ദിനാള്‍ പറഞ്ഞു. ‘ കോണ്‍ഗ്രസും സിപിഎമ്മും ഇന്ത്യാ സഖ്യത്തിന്റെ ഭാഗമാണല്ലോ. അവര്‍ ഒരുമിച്ച് തീരുമാനിക്കട്ടെ. മുനമ്പം പ്രശ്നം പരിഹരിക്കാന്‍ പോസിറ്റീവായ ഒരു കാര്യമെങ്കിലും ഉണ്ടെങ്കില്‍ അത് പറയട്ടെ. ഇനി അഥവാ ഇല്ലെങ്കില്‍ അതും പരസ്യമായി പറയട്ടെ. അക്കാര്യം ഞങ്ങള്‍ക്ക് ബോധ്യം വരണം ,’ കര്‍ദിനാള്‍ വ്യക്തമാക്കുന്നു.
Be the first to comment