
എറണാകുളം: ലോക്‌സഭ പാസാക്കിയ വഖഫ് ബില്ലിന് മുന്‍കാല പ്രാബല്യമില്ലെന്ന് കേന്ദ്ര നിയമന്ത്രി തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ മുനമ്പം വിഷയത്തിന് ഇത് എങ്ങനെ പരിഹാരമാകുമെന്ന് ഈ പ്രചാരണം നടത്തുന്നവര്‍ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.
ഇവിടെ ചിലര്‍ വഖഫ് ബില്ലിനെ മുനമ്പം പ്രശ്‌നവുമായി കൂട്ടിക്കെട്ടാന്‍ ശ്രമിക്കുകയാണ്. ഒരു പ്രത്യേക മതവിഭാഗത്തിൻ്റെ അവകാശങ്ങള്‍ ലക്ഷ്യം വച്ച് അവരെ ദ്രോഹിക്കുന്നതിന് വേണ്ടി സംഘ്പരിവാര്‍ അജണ്ടയുടെ ഭാഗമായുള്ളതാണ് വഖഫ് ബില്‍ ഭേദഗതി. അതിനെ കോണ്‍ഗ്രസ് എതിര്‍ക്കുമെന്നതില്‍ ഒരു സംശയവും വേണ്ട. മുനമ്പത്തെ വിഷയം സംസ്ഥാനത്ത് തന്നെ പരിഹരിക്കാവുന്നതേയുള്ളൂ. സംസ്ഥാന സര്‍ക്കാരും അവര്‍ നിയമിച്ച വഖഫ് ബോര്‍ഡും തീരുമാനിച്ചാല്‍ പരിഹാരമുണ്ടാക്കാന്‍ കഴിയും. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന നിലപാടാണ് തുടക്കം മുതല്‍ക്കെ യു.ഡി.എഫ് സ്വീകരിച്ചത്. പണം വാങ്ങിയാണ് ഫറൂഖ് കോളജ് ഭൂമി നല്‍കിയത്.
ഭിന്നിപ്പിക്കാൻ സംസ്ഥാന സർക്കാർ
വഖഫ് ഒരിക്കലും കണ്ടീഷണലാകാന്‍ പാടില്ല. ബില്‍ പാസായെന്നു കരുതി മുനമ്പത്തെ വിഷയം പരിഹരിക്കാനാകില്ല. വഖഫ് ബില്ലിനെ മുനമ്പവുമായി കൂട്ടിയിണക്കി രണ്ട് മത വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാക്കി മാറ്റാനാണ് കുറെ ആളുകള്‍ ശ്രമിക്കുന്നത്. അതിന് സംസ്ഥാന സര്‍ക്കാര്‍ കുടപിടിച്ചു കൊടുക്കാന്‍ പാടില്ല. അതാണ് സംസ്ഥാന സര്‍ക്കാരിനോടുള്ള എതിര്‍പ്പ്. രണ്ട് ന്യൂനപക്ഷ മതവിഭാഗങ്ങളെ തമ്മിലടിപ്പിച്ച് സംഘര്‍ഷമുണ്ടാക്കുക എന്നതാണ് സംഘപരിവാറിൻ്റെ അജണ്ട. ഞങ്ങള്‍ അത് പരിഹരിക്കാന്‍ ശ്രമിച്ചവരാണ്. പാണക്കാട് തങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ മലപ്പുറത്ത് നിന്നും എറണാകുളത്തെ രൂപത ആസ്ഥാനത്ത് വന്ന് മുനമ്പത്തെ ജനങ്ങളെ കുടിയിറക്കാന്‍ അനുവദിക്കില്ലെന്ന നിലപാട് സ്വീകരിച്ചിട്ടുണ്ട്. അതു തന്നെയാണ് യു.ഡി.എഫ് നിലപാട്. ദേശീയതലത്തിലും നേരത്തെ സ്വീകരിച്ച നിലപാട് അനുസരിച്ചുള്ള വിപ്പാണ് കോണ്‍ഗ്രസ് നേതൃത്വം എം.പിമാര്‍ക്ക് നല്‍കിയത്.
വഖഫ് ഭേദഗതി ബിൽ; എതിർപ്പ് കോൺഗ്രസ് തുടരും
യു.ഡി.എഫ് നിലപാട് എല്ലാവര്‍ക്കും അറിയാം. കോണ്‍ഗ്രസ് ദേശീയ നേതൃത്വമാണ് കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പിമാര്‍ക്ക് ഉള്‍പ്പെടെ വിപ്പ് നല്‍കിയത്. പാര്‍ലമെൻ്റിൻ്റെ ഇരു സഭകളിലും ജെ.പി.സിയിലും വഖഫ് ബില്ലിന് എതിരായ നിലപാടാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ സ്വീകരിച്ചത്. അതേ നിലപാട് തന്നെയാണ് ബില്‍ പരിഗണിച്ചപ്പോഴും സ്വീകരിച്ചത്. ബില്‍ പരിഗണിക്കുമ്പോള്‍ മറ്റൊരു നിലപാട് എടുക്കാനാകില്ല. നാളെ ചര്‍ച്ച് ബില്‍ വന്നാലും ഇതേ നിലപാട് സ്വീകരിക്കും.
ദേശീയ തലത്തില്‍ ക്രൈസ്തവരാണ് ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ക്ക് വിധേയരാകുന്നത്. ക്രൈസ്തവരെ ആക്രമിക്കുന്നത് സംഘ്പരിവാറുകാരാണ്. കഴിഞ്ഞ ദിവസമാണ് ജബല്‍പൂരില്‍ തീർഥാടനം നടത്തിയിരുന്ന ക്രൈസ്തവര്‍ക്കെതിരെ ആക്രമണം നടത്തിയത്. വഖഫ് ബോര്‍ഡും സംസ്ഥാന സര്‍ക്കാരും ഇടപെട്ട് മുനമ്പത്തെ ജനങ്ങള്‍ക്ക് അവരുടെ ഭൂമിയില്‍ സ്ഥിരമായ അവകാശം നല്‍കണം. അതു ചെയ്യാതെയാണ് കമ്മിഷനെ നിയോഗിച്ചത്. കോടതിക്ക് പുറത്തുവച്ചു തന്നെ മുമ്പത്തെ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാനാകും. സമരക്കാരുമായി നേരിട്ട് തന്നെ ഞങ്ങള്‍ സംസാരിച്ചിട്ടുണ്ട്. ജോസ് കെ മാണിയുടെ നിലപാട് അവരുടെ പാര്‍ട്ടിയുടെ നിലപാടാണ്. മുനമ്പം നിവസികള്‍ക്ക് അവരുടെ ഭൂമിയില്‍ സ്ഥിരമായ അവകാശം നല്‍കണമെന്നതാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിൻ്റെയും യു.ഡി.എഫിൻ്റെയും നിലപാട്. വഖഫ് ഭൂമി അല്ലെന്ന നിലപാട് വഖഫ് ബോര്‍ഡ് സ്വീകരിക്കണം. മുമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന നിലപാട് പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഞാനാണ് ആദ്യമായി സ്വീകരിച്ചത്. ഇതിന് മുന്‍പുള്ള ഹൈക്കോടതി വിധി ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് ആ നിലപാട് സ്വീകരിച്ചതെന്നും വിഡി സതീശൻ പറഞ്ഞു.
വഖഫ് ഭൂമിയെന്ന് പറഞ്ഞത് വി.എസ് നിയോഗിച്ച കമ്മിഷൻ
വി.എസ് അച്യുതാനന്ദൻ്റെ കാലത്ത് നിയോഗിച്ച നിസാര്‍ കമ്മിഷനാണ് ഈ ഭൂമി ആദ്യമായി വഖഫ് ആണെന്നു പറഞ്ഞത്. അതിനു പിന്നാലെ വന്ന യു.ഡി.എഫ് സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ല. എന്നിട്ടാണ് കരം അടയ്ക്കരുതെന്നു കാട്ടി 2019ല്‍ നോട്ടീസ് നല്‍കിയത്. അത് തെറ്റാണ്. മുനമ്പത്തെ ജനങ്ങളുടെ കൈയിൽ നിന്നും പണം വാങ്ങിയിട്ട് വഖഫ് എന്ന് പറയുന്നത് ശരിയല്ല. വഖഫ് എന്നാല്‍ ദൈവത്തിന് സമര്‍പ്പിക്കുന്നതാണ്. വഖഫ് പെര്‍മനൻ്റ് ഡെഡിക്കേഷനാണ്. ആളുകള്‍ താമസിക്കുന്ന ഭൂമിയും വഖഫ് ആക്കാന്‍ പറ്റില്ല. ഫറൂഖ് കോളജും ഈ ഭൂമി വഖഫ് അല്ലെന്നാണ് പറഞ്ഞിരിക്കുന്നത്. ദാനം കിട്ടിയ ഭൂമി ആയതു കൊണ്ടാണ് അവര്‍ പണം വാങ്ങി വിറ്റത്. ഇതൊക്കെ സര്‍ക്കാരിനും അറിയാം. എന്നിട്ടാണ് കേരള സര്‍ക്കാര്‍ നിയമിച്ച വഖഫ് ബോര്‍ഡ് മുനമ്പത്തെ ഭൂമി വഖഫ് ആണെന്ന നിലപാട് സ്വീകരിച്ചത്. സംഘ്പരിവാര്‍ പോലുള്ള ദുഷിച്ച ചിന്ത കേരളത്തിലെ സി.പി.എം നേതാക്കള്‍ക്ക് ഇടയിലുമുണ്ട്. വൈകിപ്പിച്ച് രണ്ട് മതവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി എന്തെങ്കിലും ലാഭം കിട്ടുമോയന്നാണ് സി.പി.എം നോക്കുന്നത്. ഒരാള്‍ക്കും ഒരു ലാഭവും കിട്ടാന്‍ പോകുന്നില്ല. കേരളം മതേതരമാണെന്ന് ജനങ്ങള്‍ തെളിയിക്കും.
‘വിഴിഞ്ഞത്തെ തിരിഞ്ഞു നോക്കാത്തവർ
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ മുനമ്പം സന്ദര്‍ശിക്കുന്നത് അവരുടെ ഇഷ്ടമാണ്. പച്ചവെള്ളത്തിന് തീപിടിപ്പിക്കുന്ന വര്‍ഗീയതയാണ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്. ലത്തീന്‍ സമുദായവുമായി ബന്ധപ്പെട്ടവരാണ് മുനമ്പത്ത് സമരം ചെയ്യുന്നത്. ഇപ്പോള്‍ ഇതൊക്കെ പറയുന്നവര്‍ 140 ദിവസം അവര്‍ വിഴിഞ്ഞത്ത് സമരം ചെയ്തപ്പോള്‍ അങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ല. അവിടെ ഒന്നാമത്തെ ദിനം മുതല്‍ നൂറ്റിനാല്‍പതാമത്തെ ദിനം വരെ ഞങ്ങള്‍ വിഴിഞ്ഞത്തെ സമരത്തിനൊപ്പമുണ്ടായിരുന്നു. അന്ന് ഞങ്ങള്‍ അദാനിക്കൊപ്പമല്ലായിരുന്നു. മുനമ്പത്തെ വിഷയം പരിഹരിക്കാതെ നീട്ടിക്കൊണ്ടു പോയി സംഘ്പരിവാര്‍ അജണ്ടയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ കുടപിടിച്ചു കൊടുക്കുകയാണ്. തിരഞ്ഞെടുപ്പായതു കൊണ്ട് ഇതില്‍ നിന്നും വല്ലതും കിട്ടുമോയെന്നാണ് നോക്കുന്നത്. ഒന്നും കിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Be the first to comment