‘വഖഫ് ബില്ല് ഭരണഘടനാ വിരുദ്ധമല്ല; UPA കാലത്ത് അനിയന്ത്രിത അധികാരങ്ങൾ നൽകി; മുൻപും നിയമം ഭേദഗതി ചെയ്തിട്ടുണ്ട്’; കിരൺ റിജിജു

വഖഫ് നിയമസഭേഗദതി ബിൽ ഭരണഘടനാ വിരുദ്ധമല്ലെന്ന് നിയമമന്ത്രി കിരൺ റിജിജു. വഖഫ് ബില്ല് ലോക്സഭയിൽ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. സംയുക്ത പാർലമെന്ററി സമിതി വിശദമായ ചർച്ച ബില്ലിന്മേൽ നടത്തി. ഇത്രയും വിശദമായി ചർച്ച ഒരു ബില്ലിന്മേലും ഉണ്ടായിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. പലയിടത്തുനിന്നും നിർദേശങ്ങൾ സ്വീകരിച്ചു. വിമർശനങ്ങൾക്കെല്ലാം വ്യക്തമായ മറുപടി നൽകാൻ തയാറാണെന്ന് മന്ത്രി പറ‍ഞ്ഞു.

നുണകൾ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്ന് പ്രതിപക്ഷത്തോട് കിരൺ റിജിജു ആവശ്യപ്പെട്ടു. മുൻപും വഖഫ് ബിൽ നിയമം ഭേദഗതി ചെയ്തിട്ടുണ്ടെന്നും അതിനെ നിയമവിരുദ്ധം എന്ന് ആരും പറഞ്ഞിട്ടില്ലെന്നും മന്ത്രി പറ‍ഞ്ഞു. പ്രതിപക്ഷത്തിന്റെ എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകും. പ്രതിപക്ഷ അംഗങ്ങൾ ദയവുചെയ്ത് ശ്രദ്ധിച്ചു കേൾക്കണമെന്ന് കിരൺ റിജിജു ആവശ്യപ്പെട്ടു. യു.പി.എ കാലത്ത് വഖഫ് ബോർഡിന് അനിയന്ത്രിത അധികാരങ്ങൾ നൽകിയെന്ന് മന്ത്രി കുറ്റപ്പെടുത്തി.

‍സർക്കാർ ഭൂമിയിൽ പോലും വഖഫ് അവകാശവാദം ഉന്നയിക്കുന്ന സാഹചര്യമുണ്ടായെന്നും യുപിഎ സർക്കാർ പലതും വഖഫ് ബോർഡിന് നൽകിയെന്നും ബില്ല് അവതരണവേളയിൽ മന്ത്രി ലോക്സഭയിൽ വിമർശിച്ചു. പാർലമെൻറ് വളപ്പും വിമാനത്താവളവും വരെ വഖഫ് ഭൂമിയാണെന്ന് അവകാശപ്പെടുന്നുവെന്ന് കിരൺ റിജിജു പറഞ്ഞു. ബില്ലിനെതിരെ ശക്തമായ പ്രതിപക്ഷ പ്രതിഷേധം ഉയർന്നതോടെ ബഹളം വച്ചത് കൊണ്ട് കാര്യമില്ലെന്ന് കിരൺ റിജിജു പ്രതിപക്ഷത്തോട് പറഞ്ഞു.

മതപരമായ സ്ഥാപനങ്ങളിൽ കൈകടത്താൻ അല്ല കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് കിരൺ റിജിജു വ്യക്തമാക്കി. പ്രതിപക്ഷം ഭരണഘടനയെ പോലും അംഗീകരിക്കുന്നില്ല. യു പി എ സർക്കാർ വഖഫ് നിയമത്തിൽ മാറ്റങ്ങൾ വരുത്തി. ആരാധനലയങ്ങൾ നിയന്ത്രിക്കാനല്ല വഖഫ്. വസ്തുവകകൾ പരിപാലിക്കുകയാണ് വഖഫ് ബോർഡിൻറെ ചുമതലയെന്ന് കിരൺ റിജിജു പറഞ്ഞു. വഖഫ് ബോർഡിന് അനിയന്ത്രിത അധികാരം നൽകിയതിലാണ് പുതിയ ഭേദഗതികൾ ആവിശ്യമായി വന്നതെന്ന് മന്ത്രി വ്യക്തമാക്കി.

മുസ്ലീം സംഘടനകളെ പ്രതിനിധീകരിക്കുന്ന സംവിധാനമല്ല വഖഫ് ബോർഡ് എന്ന കേരള ഹൈക്കോടതി വിധി പരാമർശിച്ച് കിരൺ റിജിജു. നിയമംമൂലം സ്ഥാപിതമായ ഭരണസംവിധാനമാണ് വഖഫ് എന്ന കിരൺ റിജിജു പറഞ്ഞു. എല്ലാവിഭാഗങ്ങളെയും വഖഫ് ബോർഡിൽ ഉൾപ്പെടുത്തണം എന്നാണ് ബിൽ വിഭാവനം ചെയ്യുന്നത്. ഇപ്പോൾ വഖഫ് കൗൺസിലിൽ വനിതാ പ്രാതിനിധ്യം എവിടെയെന്ന് റിജിജു ചോദിച്ചു. വഖഫ് കൗൺസിലിൽ 22 അംഗങ്ങളുണ്ട്. 4 അമുസ്ലീങ്ങളും രണ്ട് വനിതകളും കൗൺസിലിൽ ഉൾപ്പെടുംയ. അമുസ്ലീങ്ങൾ മാത്രമല്ല, മുസ്‍ളിം വിഭാഗത്തിലെ പിന്നോക്കക്കാരും കൗൺസിലിൽ ഉണ്ടാവണമെന്ന് മന്ത്രി പറ‍ഞ്ഞു.

വഖഫ് വസ്തുവകകളുടെ പരിപാലനത്തിൽ സുതാര്യത ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് കിരൺ റിജിജു വ്യക്തമാക്കി. പ്രതിരോധവകുപ്പും റെയിൽവേയും കഴിഞ്ഞാൽ ഏറ്റവുംകൂടുതലും ഭൂമി വഖഫിനാണ്. ലോകത്തുതന്നെ ഏറ്റവുംകൂടുതൽ ഭൂമി ഇന്ത്യയിലെ വഖഫിനാണ്. ബില്ലിനെ എതിർക്കുന്നവരെയും അനുകൂലിക്കുന്നവരേയും കാലം ഓർത്തുവയ്ക്കും. മുസ്ലീങ്ങളെ 70 വർഷമായി കോൺഗ്രസ് വഞ്ചിച്ചു. തങ്ങൾ വഖഫ് ഭൂമി പാവപ്പെട്ട മുസ്ലീങ്ങൾക്കായി ഉപയോഗിക്കുമെന്ന് കിരൺ റിജിജു പറഞ്ഞു.

പരിഷ്കാരങ്ങൾ കൊണ്ടുവരുന്നത് സുതാര്യത ഉറപ്പാക്കാൻ വേണ്ടിയാണ്. ബിൽ മതവുമായി ബന്ധപ്പെട്ടത് അല്ല. സ്വത്ത് പ്രശ്നങ്ങളുമായി ബന്ധപ്പെട്ടത് ആണ്. സുതാര്യത കൊണ്ടുവരിക എന്നതാണ് ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. മുസ്ലിം വിഭാഗം ഈ ബില്ലിനെ സ്വാഗതം ചെയ്യുന്നുണ്ട്. അവർ പറയുന്നത് ബിൽ വേഗത്തിൽ പാസാക്കാനാണ്. രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉൾപ്പെടുത്തിയാണ് ബില്ല്. വഖഫ് വസ്തുക്കളിൽ‌ ഓഡിറ്റ് നടത്താൻ സംസ്ഥാന സർക്കാരുകൾക്ക് അനുമതി നൽകുന്നു. എന്നാൽ കേന്ദ്രസർക്കാരിന് ഇക്കാര്യത്തിൽ റോൾ ഇല്ലെന്ന് കിരൺ റിജിജു പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*