വഖഫ് ബില്ല് ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും

ലോക്‌സഭ പാസ്സാക്കിയ വഖഫ് നിയമ ഭേദഗതി ബില്ല് ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടുകൂടിയാകും ബില്ല് രാജ്യസഭയിൽ അവതരിപ്പിക്കുക. ഇന്നലെ അര്‍ധരാത്രിവരെ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് വഖഫ് നിയമഭേദഗതി ബില്ല് ലോക്‌സഭ പാസ്സാക്കിയത്. ന്യൂനപക്ഷക്ഷേമ മന്ത്രി കിരണ്‍ റിജിജു ആയിരിക്കും ബില്ല് രാജ്യസഭയിൽ അവതരിപ്പിക്കുക.

രാജ്യസഭയിൽ വഖഫ് നിയമഭേദഗതി ബില്ല് പാസ്സാക്കിയാൽ അംഗീകാരത്തിനായി രാഷ്ട്രപതിക്ക് അയക്കും. രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ വഖഫ് നിയമഭേദഗതി ബില്ല് നിയമമാകും. ലോക്സഭയിൽ 288 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 232 പേര്‍ എതിര്‍ത്തു. ബില്ലിന്മേൽ പ്രതിപക്ഷം മുന്നോട്ടുവച്ച ഭേദഗതികൾ ഭൂരിപക്ഷ വോട്ടോടെ തള്ളി. ശക്തമായ വാദപ്രതിവാദങ്ങളാണ് വഖഫ് ബില്ലിന്മേൽ ലോക്സഭയിൽ ഉയർന്നത്. ഭരണഘടന വിരുദ്ധം എന്ന് ചൂണ്ടിക്കാട്ടി ലോക്സഭയിൽ പ്രതിപക്ഷം ഒന്നടങ്കം ബില്ലിനെ എതിർത്തു.

എന്നാൽ ബില്ല് എങ്ങനെയാണ് മുസ്ലിങ്ങള്‍ക്ക് എതിരെ ആകുന്നതെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു ലോക്സഭയിൽ ചോദിച്ചു. വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട് ഒട്ടേറെ കേസുകള്‍ ട്രൈബ്യൂണലില്‍ ഉണ്ട്. നിയമഭേദ​ഗതിയിലൂടെ തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയും. മുസ്ലിം സ്ത്രീകളുടെയും കുട്ടികളുടെയും യുവാക്കളുടെയും ക്ഷേമത്തിനായാണ് ഈ ബില്ല് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നതെന്നും കിരൺ റിജിജു അവകാശപ്പെട്ടു.

Be the first to comment

Leave a Reply

Your email address will not be published.


*