റുവാണ്ട വംശഹത്യ: 29 വർഷങ്ങൾക്ക് ശേഷം അന്വേഷണം അവസാനിപ്പിച്ച് യുദ്ധക്കുറ്റങ്ങൾക്കുള്ള ട്രൈബ്യൂണൽ

റുവാണ്ട വംശഹത്യയില്‍ 29 വര്‍ഷങ്ങള്‍ക്കു ശേഷം അനേ്വഷണം അവസാനിപ്പിച്ച് യുദ്ധക്കുറ്റങ്ങള്‍ക്കുള്ള ട്രൈബ്യൂണല്‍. 1994-ൽ എട്ട് ലക്ഷം റുവാണ്ടക്കാരെ കൊന്നൊടുക്കിയ വംശഹത്യയിൽ ഒളിവിൽ കഴിഞ്ഞിരുന്ന അവസാന കുറ്റാരോപിതനും മരിച്ചെന്ന് കാണിച്ചാണ് അന്വേഷണം അവസാനിപ്പിച്ചത്. ഏപ്രിൽ 30 ന് ട്രൈബ്യൂണലിൻ്റെ പ്രോസിക്യൂട്ടർ സെർജ് ബ്രമ്മെർട്‌സും അതിൻ്റെ ഫ്യുജിറ്റീവ് ട്രാക്കിംഗ് ടീമിലെ രണ്ട് ഉദ്യോഗസ്ഥരും നടത്തിയ വീഡിയോ കോൺഫറൻസിലാണ് ഇക്കാര്യം വ്യക്തമാക്കി കേസ് അവസാനിപ്പിച്ചത്. വംശഹത്യയുടെ പശ്ചാത്തലത്തിൽ തെളിയാതെ കിടന്ന കേസുകളിൽ അന്വേഷണം നടത്താനാണ് ട്രൈബ്യുണൽ സ്ഥാപിച്ചത്.

തങ്ങൾ നിരീക്ഷിച്ച് വന്നിരുന്ന അവസാനത്തെ രണ്ട് പ്രതികൾ വളരെക്കാലം മുൻപ് തന്നെ മരിച്ചുവെന്നും മധ്യ ആഫ്രിക്കയുടെ ഏതെങ്കിലും ഭാഗത്ത് അടയാളപ്പെടുത്താത്ത ശവക്കുഴികളിൽ അവരെ അടക്കിയിട്ടുണ്ടെന്നും കോൺഫെറൻസിൽ മൂവരും വ്യക്തമാക്കി. ഇക്കാര്യത്തിൽ കോടതിയെ തൃപ്തിപ്പെടുത്താൻ ആവശ്യമായ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.

ആകെ 92 കുറ്റാരോപിതരുടെ പട്ടികയാണ് ട്രൈബ്യൂണൽ തയാറാക്കിയിരുന്നത്. ഇതിൽ അവസാനത്തെ രണ്ട് പേർ ചാൾസ് സികുബ്വാബോയും റയാൻഡികായോ എന്ന ഒരു പേരിൽ അറിയപ്പെടുന്ന ഒരു റെസ്‌റ്റോറന്റ് ഉടമയും ആയിരുന്നു. റുവാണ്ടയിലെ കിബുയെയിലെ സ്വാധീനമുള്ള പ്രാദേശിക സംഘാടകരായിരുന്നു ഇരുവരും. ടുട്സികളുടെ കൂട്ടക്കൊലയ്ക്ക് ഉത്തരവാദികളായ ഇൻ്ററാഹാംവെ ഹുട്ടു മിലിഷ്യയുടെ ജനക്കൂട്ടത്തെ നയിച്ചത് ഇവരായിരുന്നു. വംശഹത്യ, മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ എന്നീ കുറ്റങ്ങളാണ് ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്.”എത്ര സമയമെടുത്താലും കുറ്റക്കാരായവർ പിടിക്കപ്പെട്ടു എന്ന് അന്താരാഷ്ട്ര സമൂഹത്തിന് ഉറപ്പാക്കാൻ കഴിയുമെന്നതിൻ്റെ വ്യക്തമായ തെളിവാണിത്,” ബ്രമ്മെർട്സ് പറഞ്ഞു.

1994 ഏപ്രിൽ 6-ന് റുവാണ്ടൻ പ്രസിഡൻറ് ജുവനാൽ ഹബ്യാരിമാനയും ബറുണ്ടിയൻ പ്രസിഡൻറ് സിപ്രിയൻ നട്യാമിറയും സഞ്ചരിച്ചിരുന്ന വിമാനം റുവാണ്ടൻ തലസ്ഥാനമായ കിഗാലിക്ക് മുകളിൽ വെടിവെച്ച് വീഴ്ത്തിയതോടെയാണ് രാജ്യത്ത് വംശ ഹത്യ ആരംഭിക്കുന്നത്. റുവാണ്ടയിലുടനീളം അഭൂതപൂർവമായ തോതിൽ മൂന്ന് മാസം നീണ്ടു നിന്ന വംശീയ കൊലപാതകങ്ങൾ ആണ് നടന്നത്. റുവാണ്ടയിലെ ടുട്‌സി ജനസംഖ്യയുടെ ഏകദേശം മുക്കാൽ ഭാഗത്തെയും കൊല്ലാൻ ഹുട്ടു രാഷ്ട്രീയ സൈനിക തീവ്രവാദികൾ പദ്ധതിയിട്ടിരുന്നു. അര ദശലക്ഷത്തിലധികം ആളുകൾ മരിച്ചു. ടുട്സിയെ പ്രതിരോധിക്കാനോ സംരക്ഷിക്കാനോ ശ്രമിച്ച നിരവധി ഹുട്ടുകാരും വംശഹത്യയെ എതിർത്തവരും കൊല്ലപ്പെട്ടു.

1990 മുതൽ റുവാണ്ടൻ ഗവൺമെൻ്റിനെ അട്ടിമറിക്കാൻ ശ്രമങ്ങൾ നടത്തിയിരുന്ന ഉഗാണ്ട ആസ്ഥാനമായുള്ള ടുട്സി വിമത വിഭാഗമായ റുവാണ്ടൻ പാട്രിയോട്ടിക് ഫ്രണ്ട് (RPF) 1994 ജൂലൈ പകുതിയോടെ രാജ്യം ഏറ്റെടുക്കുകയും വംശഹത്യ അവസാനിപ്പിക്കുകയും ചെയ്തു. ഈ സൈന്യം ആയിരക്കണക്കിന് ഹുട്ടു പൗരന്മാരെ കൊന്നൊടുക്കിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*