കോട്ടയം: കോട്ടയം ജില്ലയിലെ പാഴ്‌വസ്തു ശേഖരണം ഫലപ്രദമായി നടപ്പാക്കാനായി ഈ വർഷത്തെ കലണ്ടർ തയാറായി. കലണ്ടർ പ്രകാരം പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് പുറമേ ഇ-മാലിന്യം, മരുന്ന് സ്ട്രിപ്പുകൾ, കണ്ണാടി, കുപ്പിചില്ല്, പഴയ ചെരുപ്പ്, ബാഗ്, തുണി തുടങ്ങിയവ ഹരിതകർമസേന ശേഖരിച്ചു ക്ലീൻ കേരള കമ്പനിക്ക് കൈമാറും. ഫെബ്രുവരിയിൽ തുണി മാലിന്യമാണ് ശേഖരിക്കുന്നത്.
മാർച്ചിലും ഒക്ടോബറിലും ആപത്കരമായ ഇ മാലിന്യങ്ങളായ ബൾബ്, ട്യൂബ്, പിക്ചർ ട്യൂബ് ഉൾപ്പെടെയുള്ളവയും കണ്ണാടിയുമാണ് ശേഖരിക്കുക. ഏപ്രിലിലും നവംബറിലും ചെരുപ്പ്, ബാഗ്, തെർമോക്കോൾ, തുകൽ, കാർപെറ്റ്, അപ് ഹോൾസ്റ്ററി മാലിന്യവും മെയ്, ഡിസംബർ മാസങ്ങളിൽ കുപ്പിചില്ലുമാലിന്യവുമാണ് ശേഖരിക്കുന്നത്. ജൂണിൽ ഉപയോഗശൂന്യമായ വാഹന ടയറുകളും, ജൂലൈയിൽ ഇ വേസ്റ്റും, ഓഗസ്റ്റിൽ പോളി എത്തിലീൻ പ്രിന്റിംഗ് ഷീറ്റ്, സ്‌ക്രാപ്പ് ഇനങ്ങളും സെപ്റ്റംബറിൽ മരുന്ന് സ്ട്രിപ്പുകളും കമ്പനി ശേഖരിക്കും.
ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾ, നവകേരളം കർമ പദ്ധതി,ഹരിത കേരളം മിഷൻ, ശുചിത്വ മിഷൻ, കുടുംബശ്രീ, കേരള ഖരമാലിന്യ പരിപാലന പദ്ധതി എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
Be the first to comment