ജലജന്യരോഗങ്ങള്‍ കൂടുന്നു : വാട്ടര്‍ ക്ലിനിക്ക് പദ്ധതിയുമായി സി.എം.എഫ്.ആര്‍.ഐ

കൊച്ചി : ആരോഗ്യമേഖലയില്‍ ഭീഷണിയുയര്‍ത്തി വര്‍ധിക്കുന്ന ജലജന്യരോഗങ്ങള്‍ക്കെതിരേ പ്രതിരോധം തീര്‍ക്കാനൊരുങ്ങി സമുദ്ര മത്സ്യഗവേഷണ സ്ഥാപനം (സി.എം.എഫ്.ആര്‍.). വാട്ടര്‍ ക്ലിനിക്ക് ഉള്‍പ്പെടെയുള്ള പദ്ധതികളാണ് ഇതിന്റെ ഭാഗമായി ആസൂത്രണം ചെയ്യുന്നത്. വാട്ടര്‍ ക്ലിനിക്കിന് പഞ്ചായത്തുതലത്തില്‍ തുടക്കമിടും.

ആവശ്യമായ അനുമതികള്‍ ലഭ്യമായാല്‍ പദ്ധതി ഉടന്‍ തുടങ്ങുമെന്ന് സി.എം.എഫ്.ആര്‍.ഐ. ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് പറഞ്ഞു.ജലജന്യരോഗങ്ങള്‍ കൂടുതലായി കാണുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് പദ്ധതിക്ക് തുടക്കമിടുക. ലഭിക്കുന്ന ജലം കുടിക്കാന്‍ യോഗ്യമാണോയെന്നതാണ് ആദ്യഘട്ടത്തില്‍ പരിശോധിക്കുക. പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അതിന്റെ കാരണംകൂടി കണ്ടെത്തും.

പതിയെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കാന്‍ കഴിയും.സമുദ്ര ആവാസവ്യവസ്ഥയും ജലജന്യരോഗങ്ങളുംണം ചെയ്യുന്നത്.  തമ്മില്‍ പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നുവെന്നാണ് വിലയിരുത്തല്‍. സമുദ്രത്തിലുണ്ടാകുന്ന ആഘാതങ്ങള്‍ ചുറ്റുമുള്ള ജീവജാലങ്ങളുടെയും ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. ആല്‍ഗകളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന, വെള്ളത്തിലെ സൂക്ഷ്മജീവികളുടെ സാന്നിധ്യം, മത്സ്യങ്ങളെ ഉള്‍പ്പെടെ ബാധിക്കുന്ന രോഗങ്ങള്‍ എന്നിവയെല്ലാം പഠനത്തിന്റെ പരിധിയില്‍ വരും.

കഴിഞ്ഞ 20 വര്‍ഷത്തെയും അതിനുമുന്‍പ് 20 വര്‍ഷത്തെയും കണക്കുകള്‍ വിലയിരുത്തുമ്പോള്‍ ദോഷകരമായ ആല്‍ഗകളുടെ സാന്നിധ്യം അറേബ്യന്‍ തീരപ്രദേശങ്ങളില്‍ മൂന്നിരട്ടിയും ബംഗാള്‍ ഉള്‍ക്കടലില്‍ രണ്ടിരട്ടിയും കൂടിയതായി കാണാം. മാറിവരുന്ന സാഹചര്യങ്ങളില്‍ ഇവ ആവാസവ്യവസ്ഥയെ ദോഷകരമായി ബാധിച്ചേക്കാം. ഇതിനെക്കുറിച്ച് പഠനം നടത്തേണ്ടതുണ്ട്. മത്സ്യങ്ങളെ ബാധിക്കുന്ന രോഗങ്ങള്‍ മനുഷ്യര്‍ക്ക് ദോഷകരമാകുന്നുണ്ടോയെന്നതെല്ലാം പഠനത്തിന്റെ കീഴില്‍ വരും.

വേമ്പനാട്ട് കായലിലെ ജലത്തിലെ മാലിന്യത്തിന്റെ തോത് പരിശോധിക്കുന്നതിനുള്ള സംവിധാനം സി.എം.എഫ്.ആര്‍.ഐ.യുടെ നേതൃത്വത്തില്‍ നടപ്പാക്കിയിരുന്നു. ജനങ്ങളുടെകൂടി പങ്കാളിത്തത്തോടെയാണ് ഇത് നടപ്പാക്കിയത്. ഇതിന്റെ തുടര്‍ച്ചയാണ് വാട്ടര്‍ ക്ലിനിക്ക്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫിയിലെ ഡോ. അനസ് അബ്ദുള്‍ അസീസുമായി ചേര്‍ന്നുള്ള ഇന്തോ-യു.കെ. പ്രോഗ്രാമിന്റെ തുടര്‍ച്ചയായാണ് ഇത് ആസൂത്രണം ചെയ്യുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*