കോട്ടയം : കനത്ത മഴയെത്തുടർന്നു കിഴക്കൻ വെള്ളം എത്തി. ഇതേത്തുടർന്ന് പടിഞ്ഞാറൻ മേഖല വെള്ളത്തിൽ. കഴിഞ്ഞ ദിവസങ്ങളിൽ കിഴക്കൻ മേഖലയിൽ പെയ്ത മഴയും ഇവിടത്തെ മഴയും ചേർന്നപ്പോഴാണ് പിടിവിട്ടു ജലനിരപ്പ് ഉയർന്നത്. ഒന്നര അടി വെള്ളം ഒരു ദിവസം കൊണ്ട് ഈ മേഖലയിൽ ഉയർന്നു. അടിയന്തര സാഹചര്യം നേരിടാൻ ഇന്ന് രണ്ടിനു തിരുവാർപ്പ് പഞ്ചായത്തിൽ പോലീസ്, അഗ്നിശമന സേന തുടങ്ങിയ വകുപ്പുകളുടെ യോഗം നടക്കും.
മീനച്ചിലാറും കൈവഴികളും നിറഞ്ഞൊഴുകിയതോടെ സമീപ പ്രദേശങ്ങളെല്ലാം വെള്ളത്തിലായി. തിരുവാർപ്പ് പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളായ ചെങ്ങളം, കാഞ്ഞിരം, മലരിക്കൽ, തിരുവാർപ്പ്, കുമ്മനം തുടങ്ങിയ സ്ഥലങ്ങളിലാവെള്ളം കയറിയത്. പഞ്ചായത്തിലെ മാധവശേരി കോളനിയിൽ വെള്ളംകയറിയതിനെത്തുടർന്നു 7 കുടുംബങ്ങളെ ഗവ. യുപി സ്കൂളിലെ ദുരിതാശ്വാസ ക്യാംപിലേക്കു മാറ്റി. ഇവിടെ 9 പുരുഷന്മാരും 11 സ്ത്രീകളും 5 കുട്ടികളും കഴിയുന്നു.
താമരശ്ശേരി കോളനിയിൽവെള്ളം കയറിയെങ്കിലും ഇവിടെ നിന്നു ആരും ദുരിതാശ്വാസ ക്യാംപിലേക്കു മാറിയിട്ടില്ല. ജലനിരപ്പ് ഒരു ഘട്ടം കൂടി ഉയർന്നാൽ പഞ്ചായത്തിലെ മറ്റ് 14 കോളനികളിലും വെള്ളം കയറും. ഒറ്റ രാത്രി കൊണ്ടാണു തിരുവാർപ്പ് പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ വെള്ളം കയറിയത്. ഈ സാഹചര്യം നേരിടാനാണു തിരുവാർപ്പിൽ വിവിധ വകുപ്പുകളുടെ യോഗം ചേരുന്നത്.
അയ്മനം പഞ്ചായത്തിലെ പരിപ്പ്, വല്യാട്, കരീമഠം, പുലിക്കുട്ടിശേരി തുടങ്ങിയ സ്ഥലങ്ങളിലും വെള്ളം കയറിത്തുടങ്ങി. കുമരകം പഞ്ചായത്തിന്റെ കിഴക്കൻ മേഖലയാണു വെള്ളപ്പൊക്ക ഭീഷണിനേരിടുന്നത്. പടിഞ്ഞാറൻ മേഖലയിലെ സ്കൂളുകളുടെ മൈതാനം വെള്ളക്കെട്ടിലായി. സ്കൂൾ തുറക്കലിന്റെ ഭാഗമായിവൃത്തിയാക്കിയിട്ടിരുന്ന പല സ്കൂൾ മൈതാനവും മഴയിൽ ചെളി വെള്ളം നിറഞ്ഞു കിടക്കുന്നു. കുമരകം പഞ്ചായത്ത് ഓഫിസിനു സമീപത്തെ ഗവ. യുപി സ്കൂളിന് ഉണ്ടായിരുന്ന ചെറിയ മൈതാനം നിറയെ വെള്ളമായി.
Be the first to comment