ആലുവയില്‍ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് വാട്ടര്‍ മെട്രോ; പരിഗണനയിലെന്ന് കെഡബ്ല്യുഎംഎല്‍

കൊച്ചി: ആലുവയില്‍ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് വാട്ടര്‍ മെട്രോ പരിഗണനയില്‍. ഇതു സംബന്ധിച്ച് അധികൃതര്‍ പ്രാഥമിക പഠനങ്ങള്‍ നടത്തി. റോഡ് വഴിയുള്ള യാത്രയേക്കാള്‍ എളുപ്പത്തിലെത്താം എന്നതാണ് വാട്ടര്‍ മെട്രോയുടെ സാധ്യത വര്‍ധിപ്പിക്കുന്നത്. 12 കിലോമീറ്ററോളം ദൈര്‍ഘ്യം കുറവുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

വാട്ടര്‍ മെട്രോ സ്‌റ്റേഷനുകളില്‍ നിന്നും ഫീഡർ ബസുകള്‍ കൂടി സജ്ജമാക്കിയാല്‍ അര മണിക്കൂര്‍ കൊണ്ട് യാത്രക്കാരന് വിമാനത്താവളത്തില്‍ എത്താനാകും. എന്നാല്‍ പദ്ധതിക്കായി വിമാനത്താവള ഭാഗത്ത് മൂന്നു കിലോമീറ്ററോളം കനാല്‍ വികസനം നടത്തേണ്ടതുണ്ടെന്ന് കൊച്ചി വാട്ടര്‍ മെട്രോ ലിമിറ്റഡ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) തയ്യാറാക്കുന്ന കൊച്ചിക്കായുള്ള പുതിയ സമഗ്ര ഗതാഗത പദ്ധതിയില്‍ (കോംപ്രിഹെന്‍സീവ് മൊബിലിറ്റി പ്ലാന്‍) സാധ്യതയുള്ള മൂന്ന് ജലഗതാഗത മാര്‍ഗങ്ങള്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. വരാപ്പുഴ മുതല്‍ സിയാല്‍/കാലടി വരെ, കടമക്കുടി-കോട്ടപ്പുറം, ഇടക്കൊച്ചി-അരൂര്‍-പനങ്ങാട്-സൗത്ത് പറവൂര്‍ എന്നിവയാണത്. വാട്ടര്‍ മെട്രോ പദ്ധതി ആരംഭിച്ച ആദ്യത്തെ നഗരമാണ് കൊച്ചി.

വിജയകരമായ കൊച്ചി വാട്ടര്‍ മെട്രോ മാതൃക രാജ്യത്തെ മറ്റു സ്ഥലങ്ങളിലും ആരംഭിക്കാനുള്ള സാധ്യത പരിശോധിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. സാധ്യതാപഠന പട്ടികയില്‍ ഇടക്കൊച്ചിയേയും കൊല്ലത്തേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഹമ്മദാബാദ്, സൂറത്ത്, മംഗളൂരു, അയോധ്യ, ധുബ്രി, ഗോവ, കൊല്‍ക്കത്ത, പട്‌ന, പ്രയാഗ് രാജ്, ശ്രീനഗര്‍, വാരണാസി, മുംബൈ തുടങ്ങി രാജ്യത്തെ 18 ഇടങ്ങളില്‍ വാട്ടര്‍ മെട്രോ ആരംഭിക്കുന്നതാണ് കേന്ദ്രം പരിഗണിക്കുന്നത്.

 

Be the first to comment

Leave a Reply

Your email address will not be published.


*