പതിനൊന്ന് ദിവസത്തിന് ശേഷം പ്രശ്ന പരിഹാരം ; വഞ്ചിയൂരിലെ ഗേൾസ് ഹോസ്റ്റലിലും വെള്ളമെത്തി

തിരുവനന്തപുരം : വഞ്ചിയൂരിൽ പ്രവർത്തിക്കുന്ന ഗേൾസ് ഹോസ്റ്റലിൽ വെള്ളമെത്തി. ഇന്ന് പുലർച്ചെയോടെയാണ് കുടിവെള്ള വിതരണം പുനഃസ്ഥാപിച്ചത്. 11 ദിവസമായി ഗേൾസ് ഹോസ്റ്റലിൽ വെള്ളം ലഭിച്ചിരുന്നില്ല. വെള്ളമില്ലാതായതോടെ പണം നൽകിയാണ് ഇവർ കുടിവെള്ളം സംഘടിപ്പിച്ചിരുന്നത്. കോർപ്പറേഷനിൽ വെള്ളം ബുക്ക് ചെയ്യുന്നതിന് അനുസരിച്ച് 2000 ലിറ്റർ വെളളത്തിന് 1400 രൂപ നൽകിയാണ് കുട്ടികൾ ഈ ദിവസങ്ങൾ തള്ളി നീക്കിയത്.

കുടിവെള്ള പ്രതിസന്ധിയിൽ വിശദമായ റിപ്പോർട്ട് തേടിയിരിക്കുകയാണ് സർക്കാർ. അഡീഷണൽ സെക്രട്ടറി വിശ്വനാഥ് സിൻഹ ജല അതോറിറ്റി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് വിവരങ്ങൾ തേടിയിട്ടുണ്ട്. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ തുടരന്വേഷണം നടത്തും. വീഴ്ച കണ്ടെത്തിയാൽ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി ഉണ്ടാകും. വെള്ളം മുടങ്ങിയത് ഉദ്യോഗസ്ഥരുടെ വീഴ്ച മൂലമെന്നാണ് ജല അതോറിറ്റിയുടെ വാദം. 

പ്രതിസന്ധി പരിഹരിക്കുന്നതിൽ ഉദ്യോഗസ്ഥതലത്തിൽ വീഴ്ച ഉണ്ടായെന്നാണ് ജല അതോറിറ്റി ആഭ്യന്തര അന്വേഷണ റിപ്പോർട്ട്. അഞ്ച് ലക്ഷത്തോളം ജനങ്ങളെ ബാധിക്കുന്ന വിഷയത്തിൽ മേൽനോട്ടക്കുറവ് ഉണ്ടായി. ജലവിതരണം നടത്തണമെന്ന് കോർപ്പറേഷനോട്‌ ആവശ്യപ്പെടാത്തത് ഗുരുതര വീഴ്ചയെന്നും റിപ്പോർട്ട്‌. വിശദ അന്വേഷണത്തിന് ടെക്നിക്കൽ മെമ്പറെ ചുമതലപ്പെടുത്താനാണ് നിർദേശം.

Be the first to comment

Leave a Reply

Your email address will not be published.


*