മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിലവില്‍ ആശങ്കയില്ലെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി : മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിലവില്‍ ആശങ്കയില്ലെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍. മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്നതാണ് സര്‍ക്കാര്‍ നിലപാട് അനാവശ്യ പ്രചാരണങ്ങള്‍ ഒഴിവാക്കണം. ഡാം തുറക്കേണ്ടി വന്നാല്‍ മതിയായ മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഇന്ന് 130 ആണ്. കഴിഞ്ഞ 28 ന് ശക്തമായ മഴയുണ്ടായപ്പോള്‍ അണക്കെട്ടിലെ ജലനിരപ്പ് 131.6 വരെയെത്തി. ഇപ്പോള്‍ ജലനിരപ്പ് കുറഞ്ഞു വരുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഇടുക്കി ഡാമില്‍ ജലനിരപ്പ് 2367 ആണ്. റൂള്‍ കര്‍വ് പ്രകാരം 2386.8 വരെ പോകും. അതായത് 20 അടിയുടെ വ്യത്യാസമുണ്ട്. 2403 ആണ് മാക്‌സിമം കപ്പാസിറ്റിയെന്ന് മന്ത്രി പറഞ്ഞു. അതുകൊണ്ട് ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും മുല്ലപ്പെരിയാറിന്റെ സുരക്ഷ സംബന്ധിച്ച് ഇടുക്കി കുളമാവില്‍ ചേര്‍ന്ന യോഗത്തിനു ശേഷം മന്ത്രി പറഞ്ഞു.

ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ കാര്യങ്ങള്‍ വിശകലനം ചെയ്യും. അനിഷ്ട സംഭവമുണ്ടായാല്‍ ആരായിരിക്കണം ഉത്തരവാദിത്തം എന്ന് അങ്ങോട്ടും ഇങ്ങോട്ടും മാറി നിന്ന് കുറ്റപ്പെടുത്താതെ, സന്ദേശം രൂപപ്പെടുത്താന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തമിഴ്‌നാടിന് ആവശ്യമായ ജലലഭ്യത ഉറപ്പു വരുത്തിക്കൊണ്ട് ഒരു സേഫ്റ്റി കണ്‍സെപ്റ്റ് ഡാം ഉണ്ടാകണമെന്നാണ് കേരളം ആഗ്രഹിക്കുന്നതെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*