ബംഗളൂരുവില്‍ വാഹനങ്ങള്‍ കഴുകി, ചെടികള്‍ നനച്ചു; 22 കുടുംബങ്ങള്‍ക്ക് പിഴ

ബംഗളൂരു: വാഹനങ്ങള്‍ കഴുകുന്നതിനും പൂന്തോട്ട പരിപാലനത്തിനുമായി കുടിവെള്ളം ഉപയോഗിച്ചതിന് 22 കുടുംബങ്ങള്‍ക്ക് പിഴ ചുമത്തി. ബംഗളൂരുവിലുള്ള കുടുംബങ്ങള്‍ക്കാണ് വാട്ടര്‍ സപ്ലൈ ആന്റ് സ്വീവറേജ് ബോര്‍ഡ് പിഴ ചുമത്തിയത്. കര്‍ണാടകയില്‍ ജലക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ജലസംരക്ഷണത്തിനുള്ള ജലവിതരണ ബോര്‍ഡിൻ്റെ ഉത്തരവ് ലംഘിച്ചതിന് ഓരോ കുടുംബവും 5,000 രൂപയാണ് പിഴയടക്കേണ്ടത്.

ബംഗളൂരുവിൻ്റെ തെക്കന്‍ മേഖലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പിഴ ഈടാക്കിയത്. 80,000 രൂപയാണ് പിഴ. നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നാണ് പിഴ ഈടാക്കിയത്. പ്രതിസന്ധി കണക്കിലെടുത്ത് വാഹനങ്ങള്‍ കഴുകരുതെന്നും വിനോദ ആവശ്യങ്ങള്‍ക്കും ജലം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും താമസക്കാരോട് അഭ്യർത്ഥിച്ചിരുന്നു.

ആവര്‍ത്തിച്ചുള്ള നിയമലംഘനങ്ങള്‍ക്ക് ഓരോ തവണയും 500 രൂപ അധിക പിഴ ചുമത്താന്‍ ബോര്‍ഡ് തീരുമാനിച്ചു. ഹോളി ആഘോഷവേളയില്‍, പൂള്‍ പാര്‍ട്ടികള്‍ക്കും മഴയത്തുള്ള നൃത്തങ്ങള്‍ക്കും കാവേരിയും കുഴല്‍ക്കിണറും ഉപയോഗിക്കരുതെന്ന് ബിഡബ്ല്യുഎസ്എസ്ബി നിവാസികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കടുത്ത ജലക്ഷാമത്തെത്തുടര്‍ന്ന് ആളുകള്‍ വീടുകളില്‍ ഇരുന്നാണ് ജോലി ചെയ്യുന്നത്. ഡിസ്‌പോസിബിള്‍ പാത്രങ്ങളിലാണ് ഭക്ഷണം കഴിക്കുന്നത്. കര്‍ണാടകയില്‍ പ്രതിദിനം 500 ദശലക്ഷം ലിറ്റര്‍ വെള്ളത്തിൻ്റെ ക്ഷാമം നേരിടുന്നുണ്ടെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. ആകെ ആവശ്യമുള്ളതില്‍ 1470 എംഎല്‍ഡി വെള്ളം കാവേരി നദിയില്‍ നിന്നും 650 എംഎല്‍ഡി കുഴല്‍ക്കിണറുകളില്‍ നിന്നുമാണ് ലഭിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*