കുടിവെള്ളമില്ലാതെ വലഞ്ഞ് ജനം; ഇന്ന് വൈകിട്ട് നാല് മണിക്ക് മുൻപ് വെള്ളം എത്തിക്കും, മന്ത്രി റോഷി അഗസ്റ്റിൻ

കഴിഞ്ഞ നാല് ദിവസമായി തുടരുന്ന തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള പ്രതിസന്ധിയിൽ പ്രതികരണവുമായി മന്ത്രി റോഷി അഗസ്റ്റിൻ. ഇന്ന് വൈകിട്ട് നാല് മണിക്ക് മുൻപ് വെള്ളം എല്ലായിടത്തും എത്തിക്കാൻ കഴിയും ഇനി ഇത്തരം സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ നീക്കങ്ങൾ നടത്തുമെന്ന് മന്ത്രി ഉറപ്പ് നൽകി.

ഇന്നലെ രാത്രി പമ്പിങ് നേരിയ രീതിയില്‍ പുനരാരംഭിച്ചിരുന്നു. പമ്പിങ് കൂടുതല്‍ പ്രഷറിലേക്ക് വന്നപ്പോള്‍ വീണ്ടും പൈപ്പ് പൊട്ടുന്ന സാഹചര്യമുണ്ടായി. ഇതോടെ പമ്പിങ് കുറച്ച് നേരം മാറ്റിവെക്കേണ്ടി വന്നു.

സാങ്കേതികമായ ബുദ്ധിമുട്ടുകൾ ഉണ്ടായി.ജനങ്ങൾ വലിയ ബുദ്ധിമുട്ടാണ് അനുഭവിച്ചത്, സാധ്യമായ സ്ഥലങ്ങളിൽ ടാങ്കറുകളിലായി വെള്ളം എത്തിക്കുന്നുണ്ടെന്നും റിസ്കി ഓപ്പറേഷനായി 40 മണിക്കൂറോളം അധികമായി ചെലവഴിക്കേണ്ടി വന്നുവെന്നും ഇത്തരം കാര്യങ്ങളിൽ കരുതലോടെ പോകാൻ ശ്രമിക്കും മന്ത്രി കൂട്ടിച്ചേർത്തു.

നഗരത്തിൽ പമ്പിങ്ങ്, ഇന്നലെ രാത്രി വീണ്ടും തുടങ്ങിയെങ്കിലും ചിലയിടങ്ങളിൽ ലീക്ക് കണ്ടെത്തിയതിനാൽ തുടരാനായിരുന്നില്ല. തകരാർ പരിഹരിച്ചതിന് ശേഷം പമ്പിങ് പൂർണ തോതിൽ തുടങ്ങുമെന്നാണ് വാട്ടർ അതോറിറ്റി അറിയിച്ചിരുന്നത്. തിരുവനന്തപുരം – കന്യാകുമാരി റെയിൽവേ പാത ഇരട്ടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലെ പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്ന ജോലിയെ തുടർന്ന് നാല് ദിവസമായി നഗരത്തിൽ കുടിവെള്ളം മുടങ്ങിയിരുന്നു. 44 വാർഡുകളിലേക്കുള്ള കുടിവെള്ള വിതരണമാണ് നിർത്തിവച്ചിരുന്നത്. പൂർണമായും പമ്പിങ് തുടങ്ങുന്നത് വരെ ഈ പ്രദേങ്ങളിൽ ടാങ്കറുകളിൽ ജലവിതരണം തുടരുമെന്ന് നഗരസഭ അറിയിച്ചതാണ്.

അതേസമയം കുടിവെള്ളം വിതരണം ചെയ്യുന്നതിന് 34 ടാങ്കര്‍ ലോറികളില്‍ വിവിധ ഭാഗങ്ങളില്‍ വെള്ളമെത്തിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വാട്ടര്‍ അതോറിറ്റിയില്‍ കണ്‍ട്രോള്‍ റൂം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*