അത് സംസാരിച്ച് ഒതുക്കിയതാണ്; ഐസി ബാലകൃഷ്ണനെതിരെ അന്വേഷണം വേണ്ട; കത്ത് വായിച്ചിട്ടില്ലെന്ന് കെ സുധാകരന്‍

കണ്ണൂര്‍: വയനാട്ടിലെ ഡിസിസി ട്രഷറര്‍ എംഎന്‍ വിജയന്റെ കത്ത് പാര്‍ട്ടികാര്യമാണെന്നും എല്ലാം സംസാരിച്ച് ഒതുക്കിയതാണെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ മരണത്തില്‍ എംഎല്‍എ ഐസി ബാലകൃഷ്ണനെതിരെ പൊലിസ് ആന്വേഷണത്തിന്റെ ആവശ്യം ഇല്ല. വിജയന്റെ കത്ത് ഇനിയും വായിച്ചിട്ടില്ലെന്നും ഈ വിഷയവുമായി ബന്ധപ്പെട്ട് കുടുംബം നേരത്തെ തന്നെ വന്നുകണ്ടിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു.

‘ഞാന്‍ കത്ത് വായിച്ചിട്ടില്ല. അത് വീട്ടിലാണ് ഉള്ളത്. വയനാട്ടിലെ വിഷയം നേരിട്ട് വന്ന് പറഞ്ഞിരുന്നു. ആക്കാര്യം അവിടെയുള്ള നേതാക്കന്‍മാരോട് അന്വേഷിക്കാന്‍ വാക്കാല്‍ പറഞ്ഞിരുന്നു. പിന്നെ ഞാന്‍ ഊര് ചുറ്റാന്‍ പോയാല്‍ എന്തുചെയ്യാനാ?. ഇക്കാര്യത്തില്‍ എന്തിനാണ് എംഎല്‍എക്കെതിരെ പൊലീസ് അന്വേഷണം. ഇത് പാര്‍ട്ടിക്കാര്യമാണ്. എന്തെങ്കിലും മറച്ചവെക്കേണ്ടതുണ്ടെങ്കിലേ ആശങ്കയുള്ളു. ഈ വിഷയം നേരത്തെ ഉണ്ടായതാണ്. അത് സംസാരിച്ച് ഒതുക്കിയതാണ്. അതിനകത്ത് ഒരുപാട് രാഷ്ട്രീയം ഉണ്ട്. അത് തീര്‍ക്കും. ആ കുടുംബത്തിന്റെ അവസാന താത്പര്യവും സംരക്ഷിക്കും’- സുധാകരന്‍ പറഞ്ഞു.

ജീവനൊടുക്കിയ വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ ആത്മഹത്യാക്കുറിപ്പ് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കത്തില്‍ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയ്ക്കെതിരെയും ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചനെതിരെയും പരാമര്‍ശം ഉണ്ട്. നിയമനത്തിനെന്ന പേരില്‍ പണം വാങ്ങിയത് എംഎല്‍എയുടെ നിര്‍ദേശപ്രകാരമാണെന്ന് കത്തില്‍ പറയുന്നു. സാമ്പത്തിക ബാധ്യതകള്‍, ബാധ്യത എങ്ങനെയുണ്ടായി, ആരൊക്കെയാണ് അതിനു പിന്നില്‍ എന്നിവയെല്ലാം വിശദമായി കുറിക്കുന്ന എട്ടു പേജുള്ള കത്താണ് പുറത്തു വന്നത്.

ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് തനിക്ക് കോടിക്കണക്കിന് രൂപയുടെ ബാധ്യതയുണ്ടായി. നിയമനവുമായി ബന്ധപ്പെട്ട് നേതാക്കളായ പലരും പണം വാങ്ങിയിട്ടുണ്ട്. നിയമനത്തിന്റെ പേരില്‍ ഒരുപാട് ആളുകളില്‍ നിന്നും പണം വാങ്ങി. നേതൃത്വത്തിന്റെ അറിവോടെയാണ് പണം വാങ്ങിയത്. അവസാനം എല്ലാ ബാധ്യതകളും തന്റെ തലയില്‍ വന്നുവെന്ന് കത്തില്‍ പറയുന്നു.

 

Be the first to comment

Leave a Reply

Your email address will not be published.


*