വയനാട്ടിലെയും മറ്റു ദുരന്ത ബാധിത പ്രദേശങ്ങളിലെയും ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുള്ള പ്രകൃതി ദുരന്തങ്ങളുടെ ഇരകള്‍ക്കും അവരുടെ കുടുംബങ്ങൾക്കും ഇൻഷുറൻസ് തുകകൾ വേഗത്തിൽ നൽകാൻ കേന്ദ്രനിർദേശം. ഇൻഷുറൻസ് തുകകൾ വേഗത്തിൽ വിതരണം ചെയ്യാൻ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) ഉൾപ്പെടെയുള്ള പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളോട് ധനമന്ത്രാലയം നിർദേശിച്ചു. എല്‍ഐസി നാഷണൽ ഇൻഷുറൻസ്, ന്യൂ ഇന്ത്യ അഷുറൻസ്, ഓറിയെന്റൽ ഇൻഷുറന്‍സ്, യുണൈറ്റഡ് ഇന്ത്യാ ഇൻഷുറൻസ് അടക്കമുള്ള കമ്പനികൾക്കാണ് നിർദേശം. ഈ വിഷയത്തില്‍ ഇരകള്‍ക്ക് അടിയന്തരമായി പിന്തുണ ഉറപ്പാക്കാനാണ് നടപടിയെന്ന് ധനമന്ത്രാലയം എക്സ് പോസ്റ്റിൽ വ്യക്തമാക്കി.
“കേരളത്തിലെ നിർഭാഗ്യകരമായ ഉരുൾപൊട്ടലിന്റെയും കനത്ത മഴയുടെയും പശ്ചാത്തലത്തിൽ, ഇൻഷുറൻസ് ക്ലെയിമുകൾ വേഗത്തിൽ പ്രോസസ്സ് ചെയ്യാനും പണമടയ്ക്കാനും കഴിയുന്ന തരത്തിൽ, ദുരന്തത്തിന്റെ ഇരകൾക്ക് സാധ്യമായ പിന്തുണ നൽകാൻ എൽഐസി, നാഷണൽ ഇൻഷുറൻസ് കോർപ്പറേഷൻ, ന്യൂ ഇന്ത്യ അഷ്വറൻസ്, യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് എന്നിവയുൾപ്പെടെയുള്ള പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളോട് (പിഎസ്ഐസി) സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്,”മന്ത്രാലയം എക്സിൽ പറഞ്ഞു.
പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജനയ്ക്ക് കീഴിൽ പോളിസി ഉടമകൾക്ക് ക്ലെയിം തുകകൾ വേഗത്തിൽ വിതരണം ചെയ്യാൻ എൽഐസിക്ക് പ്രത്യേകം നിർദേശം നൽകിയിട്ടുണ്ട്. ക്ലെയിം തുകയുടെ വേഗത്തിലുള്ള വിതരണം ഉറപ്പാക്കാൻ ക്ലെയിമുകൾ പ്രോസസ്സ് ചെയ്യുന്നതിന് ആവശ്യമായ ഡോക്യുമെൻ്റേഷനിൽ സമഗ്രമായ ഇളവ് വരുത്തിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. ജനറൽ ഇൻഷുറൻസ് കൗൺസിൽ ഇൻഷുറൻസ് കമ്പനികളുമായി ഏകോപിപ്പിച്ച് ക്ലെയിമുകൾ പ്രോസസ് ചെയ്യപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ഉടനടി പണം നൽകുകയും ചെയ്യും. കൂടാതെ, ഇൻഷുറർമാർക്ക് ക്ലെയിം സ്റ്റാറ്റസുകൾ ദിവസവും റിപ്പോർട്ട് ചെയ്യുന്നതിനായി കൗൺസിൽ ഒരു പോർട്ടൽ സജ്ജമാക്കും.
ദുരിത ബാധിതരെ കണ്ടെത്താന്‍ വയനാട്, പാലക്കാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ എന്നിവിടങ്ങളിൽ പ്രാദേശിക പത്രങ്ങൾ, സോഷ്യൽ മീഡിയ, കമ്പനി വെബ്സൈറ്റുകൾ, എസ്എംഎസ് തുടങ്ങിയ മാർഗങ്ങൾ വഴി ഇതിനോടകം തന്നെ ഇൻഷുറൻസ് കമ്പനികൾ സജീവ ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Be the first to comment