ചൂരൽമലയിലെ ഉരുൾപൊട്ടലിന്റെ വിവരം പുറം ലോകത്തെ അറിയിച്ച നീതു ഇന്ന് ഹൃദയം നുറുങ്ങുന്ന ഓർമയാണ്. അയൽവാസികളടക്കം നാൽപതോളം പേർക്ക് അഭയം കൊടുത്ത വീട്ടിലേക്ക് മലവെള്ളം ഇരച്ചെത്തിയതോടെ ഭർത്താവ് ജോജോയുടെ കൈയ്യിൽ നിന്ന് വഴുതി പോകുകയായിരുന്നു നീതു. നിലമ്പൂരിൽ നിന്ന് കണ്ടെടുത്ത നീതുവിന്റെ മൃതദേഹം ചൂരൽമല സെൻറ് സെബാസ്റ്റ്യൻസ് പള്ളിയിൽ സംസ്കരിച്ചു. ഒന്നുമറിയാതെ നാല് വയസുകാരൻ മകൻ അമ്മയേയും കാത്തിരിക്കുന്നു.
ദുരന്ത രാത്രിയുടെ എല്ലാ ഭീകരതയും, മനുഷ്യൻ്റെ ദൈന്യതയും നീതുവിൻ്റെ നിലവിളിയിലുണ്ടായിരന്നു. പ്രാണൻ കയ്യിൽ പിടിച്ചുള്ള കരച്ചിൽ നീതുവിനും കുടുംബത്തിനും വേണ്ടി മാത്രമായിരുന്നില്ല. ചൂരൽമല പുഴയിൽ മലവെള്ളം കുതിച്ചെത്തിയതിന് പിന്നാലെ നാൽപതോളം അയൽവാസികൾ പ്രാണരക്ഷാർത്ഥം ഓടിയെത്തിയത് നീതുവിൻ്റെയും ജോജോയുടെയും വീട്ടിലേക്കായിരുന്നു. വെള്ളാർമല സ്കൂളിന് പുറക് വശത്താണ് നീതുവിൻ്റെയും ജോജോയുടെയും ഈ വീട്. ചുറ്റും നിറയെ വീടുകളുണ്ടായിരുന്നു. എല്ലാം ഉരുൾ എടുത്തു.
വീടിന് ഇരുവശത്തിലൂടെയും രണ്ട് കൈവഴിയായി പുഴ ഗതിമാറി ഒഴുകിയതോടെ വീട് സുരക്ഷിതമാണെന്ന് കരുതിയിട്ടാവണം അയൽവാസികൾ ഇവിടേക്ക് ഓടിയെത്തിയത്. എന്നാൽ രണ്ടാമത്തെ ഉരുൾപൊട്ടലിന് പിന്നാലെ സാഹചര്യം മാറി.തങ്ങളും അപകടത്തിൽ ആണെന്ന് നീതുവിന് ബോധ്യമായി. നീതു വിളിച്ചറിയിച്ചതനുസരിച്ചാണ് ഫയർ ഫോഴ്സും രക്ഷാവാഹനങ്ങളും പ്രദേശത്തേക്ക് പുറപ്പെട്ടത്.
‘നീതുവാണ്. ഉരുൾപൊട്ടിയിട്ടുണ്ട്. ഞങ്ങളുടെയൊക്കെ വീട്ടിൽ വെള്ളം കയറിയിട്ടുണ്ട്. ഒന്ന് ആരോടേലും പറഞ്ഞിട്ട് ഞങ്ങളെ ഒന്നു രക്ഷപ്പെടുത്തൂ. വീട്ടിലൊക്കെ വെള്ളമാണ്. ആരോടേലും നിങ്ങളൊന്ന് പറ‘ ഇതായിരുന്നു അവസാന ഫോൺ കോളിൽ നീതു പറഞ്ഞിരുന്നത്. താഞിലോട് റോഡിൽ മരം വീണ് ഗതാഗതം മുടങ്ങി. ചൂരൽമല ഒറ്റപ്പെട്ടതോടെ സാരികൾ ചേർത്ത് കെട്ടി പരമാവധി പേരെ ജോജോയും ഒപ്പം ഉണ്ടായിരുന്നവരും മറുകരയെത്തിച്ചു. ഇരച്ചെത്തിയ പാറക്കൂട്ടങ്ങളിൽ ഒന്ന്, വീടിൻ്റെ ഒരുവശം തകർത്തു. നീതുവും മൂന്ന് അയൽക്കാരുമായിരുന്നു ആ ഭാഗത്തെ മുറിയിലുണ്ടായിരുന്നവർ.
ഇത് നീതു -ജോജോ ദാമ്പത്യത്തിൻ്റെ പത്താം വാർഷികം.ജോജോയുടെ കയ്യിൽ നിന്നാണ് പ്രാണൻ്റെ പാതി വഴുതിപോയത്. നാല് വയസുകാരൻ മകൻ, പാപ്പി ഇപ്പോഴും ഒന്നും അറിഞ്ഞിട്ടില്ല. കുഞ്ഞിനെ ഓമനിച്ച് കൊതി തീർന്നിട്ടില്ല. രണ്ടു നാൾ മുമ്പ് നിലമ്പൂരിൽ ചാലിയാറിന്റെ തീരത്ത് നിന്ന് നീതുവിനെ കണ്ടെടുത്തു. തിരിച്ചറിയാനാകാത്ത വിധമായിരുന്നു മൃതദേഹം. വഴവറ്റ സ്വദേശിയാണ് നീതു. വിവാഹം കഴിച്ചു കൊണ്ടുവന്നതാണ് ചൂരൽമലയിലേക്ക്.
Be the first to comment