മുണ്ടക്കൈയിലെ ജനകീയ തിരച്ചില്‍ ഇന്ന് അവസാനിക്കും; വിദഗ്ധ സംഘത്തിന്റെ പരിശോധന ഭാഗികമായി നിര്‍ത്തും

മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കുള്ള ജനകീയ തിരച്ചില്‍ ഇന്ന് അവസാനിപ്പിക്കും. ഇനിമുതല്‍ ആവശ്യാനുസരണം ഉള്ള തിരച്ചില്‍ ആയിരിക്കും നടക്കുക. ഇതിനായി വിവിധ സേനാംഗങ്ങള്‍ തുടരും. ചാലിയാറിലും ദുരന്തം ഉണ്ടായ പ്രദേശത്തും ഇന്നലെ നടത്തിയ തിരച്ചിലിലും മൃതദേഹങ്ങളോ ശരീര ഭാഗങ്ങളോ കണ്ടെത്താനായിരുന്നില്ല.

അതേസമയം ഭൗമശാസ്ത്രജ്ഞന്‍ ജോണ്‍ മത്തായി നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തിന്റെ പരിശോധന ഇന്ന് ഭാഗികമായി നിര്‍ത്തും. ലഭിച്ച വിവരങ്ങള്‍ ക്രോഡീകരിച്ച ശേഷം ആയിരിക്കും തുടര്‍ പരിശോധനകള്‍. ബാങ്കുകളുമായി ബന്ധപ്പെട്ട രേഖകള്‍ വീണ്ടെടുക്കുന്നതിന് ഇന്ന് മേപ്പാടിയില്‍ പ്രത്യേക അദാലത്ത് സംഘടിപ്പിച്ചിട്ടുണ്ട്.

മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഹൈക്കോടതി സ്വമേധയാ സ്വീകരിച്ച ഹര്‍ജി ഇന്ന് പരിഗണിക്കും. ഹര്‍ജിയിലെ പരിഗണനാ വിഷയങ്ങളില്‍ ഡിവിഷന്‍ ബെഞ്ച് ഇന്ന് തീരുമാനമെടുക്കും. സംസ്ഥാനത്ത് പരിസ്ഥിതി ഓഡിറ്റ് നടത്തിയിട്ടുണ്ടോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കും. ഉരുള്‍പൊട്ടല്‍ ദുരന്തം സംബന്ധിച്ച് സര്‍വ്വേ ഓഫ് ഇന്ത്യയും റിപ്പോര്‍ട്ട് നല്‍കിയേക്കും. ദുരന്തത്തെയും പരിസ്ഥിതി വിഷയങ്ങളെയും സംബന്ധിച്ച് അമികസ് ക്യൂറിയും നിലപാട് അറിയിക്കും. ജസ്റ്റിസുമാരായ ഡോ. എകെ ജയശങ്കരന്‍ നമ്പ്യാര്‍, വി.എം ശ്യാംകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.

Be the first to comment

Leave a Reply

Your email address will not be published.


*