വയനാട് പുനരധിവാസം എങ്ങുമെത്താതില്‍ ആക്ഷന്‍ കമ്മിറ്റി സമരത്തിന്, പ്രധാനമന്ത്രി ചേര്‍ത്തുപിടിച്ച കുട്ടികളെ ഡല്‍ഹിയിലെത്തിച്ചും പ്രതിഷേധിക്കുമെന്ന് മുന്നറിയിപ്പ്

ചൂരല്‍മല – മുണ്ടക്കൈ പുനരധിവാസ നടപടികള്‍ എങ്ങുമെത്താതില്‍ സമരത്തിനൊരുങ്ങി ആക്ഷന്‍ കമ്മിറ്റി. പുനരധിവാസ നടപടിയില്‍ നിന്ന് പലരെയും ഒഴിവാക്കാന്‍ ശ്രമം നടക്കുന്നതായും ആക്ഷന്‍ കമ്മിറ്റി ആരോപിച്ചു. പ്രധാനമന്ത്രി സന്ദര്‍ശിച്ചതൊഴിച്ചാല്‍ ദുരന്തബാധിത മേഖലയിലുള്ളവര്‍ക്ക് ധനസഹായമടക്കം പ്രഖ്യാപിക്കാത്തതിനെതിരെയും പ്രതിഷേധമുയര്‍ത്തും. പ്രധാനമന്ത്രി ചേര്‍ത്തുപിടിച്ച കുട്ടികളെ ഡല്‍ഹിയിലെത്തിച്ചും പ്രതിഷേധിക്കേണ്ടിവരുമെന്നാണ് ആക്ഷന്‍ കമ്മിറ്റിയുടെ മുന്നറിയിപ്പ്.

ദുരന്തം നടന്ന് മൂന്ന് മാസമായിട്ടും പുനരധിവാസ നടപടികള്‍ ഇഴയുന്നുവെന്നാണ് ആക്ഷന്‍ കമ്മിറ്റിയുടെ ആരോപണം. ടൗണ്‍ഷിപ്പിനായി സര്‍ക്കാര്‍ കണ്ടെത്തിയ എല്‍സ്റ്റണ്‍ എസ്റ്റേറ്റും ഹാരിസണ്‍ മലയാളം എസ്റ്റേറ്റും കോടതിയെ സമീപിച്ചതോടെ നിയമപ്രശ്‌നങ്ങളിലേക്ക് നീങ്ങുമെന്ന് ഉറപ്പായി. ഇത് പുനരധിവാസ നടപടികളെ ബാധിക്കും. ദുരന്തം പ്രത്യക്ഷമായും പരോക്ഷമായും ബാധിച്ചവര്‍ക്ക് ഒരുപോലെ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണം.

ഇനിയും കണ്ടെത്താനുള്ള 47 പേര്‍ക്കായി തെരച്ചില്‍ തുടരുകയോ അല്ലെങ്കില്‍ കുടുംബങ്ങള്‍ക്ക് മരണംസ്ഥിരീകരിച്ചതു സംബന്ധിച്ച രേഖ നല്‍കുകയോ വേണം. ഈ വിധം 11 ആവശ്യങ്ങളാണ് ആക്ഷന്‍ കമ്മിറ്റി ഉന്നയിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിക്കാത്ത പക്ഷം ഡല്‍ഹിയിലേക്ക് സമരം വ്യാപിപ്പിക്കുമെന്നും പ്രധാനമന്ത്രി ചേര്‍ത്തുപിടിച്ച കുട്ടികളുമായി പ്രതിഷേധിക്കേണ്ടി വരുമെന്നും മുന്നറിയിപ്പ്

ദുരന്തബാധിത മേഖലയായ 10/ 11 /12 വാര്‍ഡുകളിലെ ആളുകളുടെ കടങ്ങള്‍ പൂര്‍ണമായും എഴുതിത്തള്ളാനുള്ള നടപടികള്‍ വേഗത്തില്‍ ആക്കണമെന്നും ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെടുന്നു. നടപടികള്‍ വേഗത്തില്‍ ആകണമെന്നും അല്ലാത്തപക്ഷം ഒരാഴ്ചയ്ക്കുള്ളില്‍ സമരത്തിലേക്ക് കടക്കേണ്ടി വരും എന്നുമാണ് മുന്നറിയിപ്പ്. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ വിഷയം സജീവമായി ഉന്നയിക്കാനാണ് ആക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം.

Be the first to comment

Leave a Reply

Your email address will not be published.


*