
മുണ്ടക്കൈ- ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിന് ഈ മാസം 27ന് തറക്കല്ലിടും. മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിടുമെന്ന് നിയമസഭയിൽ റവന്യൂമന്ത്രി കെ രാജൻ വ്യക്തമാക്കി. പുനരധിവാസം വൈകുന്നത് ചൂണ്ടിക്കാട്ടി പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മന്ത്രി. ഇതിനിടെ ദുരന്തബാധിതരുടെ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടില്ലെന്നും സംസ്ഥാന സർക്കാർ പുനരധിവാസം വൈകിപ്പിച്ചെന്നും ടി സിദ്ദിഖ് കുറ്റപ്പെടുത്തി.
അതേസമയം മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ പുനരധിവാസ ടൗൺഷിപ്പിൽ വീട് വേണ്ടവർക്ക് വീടിനൊപ്പം 10 സെന്റ് സ്ഥലം തന്നെ വേണമെന്ന നിലപാടിൽ ഉറച്ച് ദുരന്തബാധിതർ. കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ കണ്ടെത്തിയ 64 ഹെക്ടർ സ്ഥലത്ത് നിർമിക്കുന്ന ടൗൺഷിപ്പിൽ 7 സെന്റ് സ്ഥലവും 1000 ചതുരശ്ര അടിയുള്ള വീടും എന്നതാണ് സർക്കാർ നലപാട്.വീട് വേണ്ടാത്തവർക്ക് 15 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം നൽകും.
ഓരോ വീടിനും സ്പോൺസർമാർ 20 ലക്ഷം രൂപ വീതം നൽകും. ബാക്കി തുക സർക്കാർ വഹിക്കും. പുഞ്ചിരിമട്ടം ഭൂമി സർക്കാർ ഏറ്റെടുക്കില്ല. ദുരന്തബാധിത പ്രദേശങ്ങളിലെ പാലങ്ങളും റോഡുകളും നിർമിക്കും.ദുരന്തബാധിതർക്ക് പുനരധിവാസം ഉറപ്പുവരുത്തുന്നതിൽ തുറന്ന മനസ്സാണ് സർക്കാരിനുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലുള്ള ആശങ്കകൾ പരിഹരിക്കുന്നതിനും തുറന്ന ചർച്ചകൾക്കും സർക്കാർ തയ്യാറാണെന്നും മന്ത്രി കെ രാജൻ അറിയിച്ചിരുന്നു.
Be the first to comment