പാല്‍, മുട്ട, മത്സ്യ മാംസ്യ, പച്ചക്കറി ഉല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുവാന്‍ കഴിയണം; മന്ത്രി ജെ. ചിഞ്ചുറാണി

തെള്ളകം: പാല്‍, മുട്ട, മത്സ്യ മാംസ്യ പച്ചക്കറി ഉല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുവാന്‍ കഴിയണമെന്ന് ക്ഷീര മൃഗ വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കൃഷി വകുപ്പിന്റെ പങ്കാളിത്തത്തോടെ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിക്കുന്ന 23-ാമത് ചൈതന്യ കാര്‍ഷികമേളയുടെയും സ്വാശ്രയസംഘ മഹോത്സവത്തിന്റെയും അഞ്ചാം ദിനത്തിലെ സ്വാശ്രയ സംഗമ ദിന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ വ്യാപനത്തിലൂടെ സ്വയം തൊഴിലും സ്വയം പര്യാപ്തതയും കൈവരിക്കുവാന്‍ കഴിയണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സമ്മേളനത്തോടനുബന്ധിച്ച് മുത്തോലത്ത് ഫൗണ്ടേഷനുമായി സഹകരിച്ച് കെ.എസ്.എസ്.എസ് ഏര്‍പ്പെടുത്തിയ സംസ്ഥാനതല ക്ഷീരകര്‍ഷക അവാര്‍ഡ് വയനാട് ജില്ലയിലെ പുല്‍പ്പള്ളി സ്വദേശി ചെമ്പഴ ലിയോ ജെയിംസിന് മന്ത്രി സമ്മാനിച്ചു. ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കേരള ഫോറസ്റ്റ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ ലതിക സുഭാഷ്, കോട്ടയം അതിരൂപത പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി റവ. ഫാ. അബ്രഹാം പറമ്പേട്ട്, അപ്നാദേശ് ചീഫ് എഡിറ്റര്‍ റവ. ഡോ. മാത്യു കുര്യത്തറ, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിംസ് കുര്യന്‍, ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് തമ്പി എരുമേലിക്കര, ചങ്ങനാശ്ശേരി തഹസില്‍ദാര്‍ ജോര്‍ജ്ജ് കുര്യന്‍, ലാസിം ഫ്രാന്‍സ് സംഘടനാ പ്രതിനിധി കാള്‍ട്ടണ്‍ ഫെര്‍ണ്ണാണ്ടസ്, കെ.എസ്.എസ്.എസ് വനിതാ സ്വാശ്രയസംഘ കേന്ദ്രതല പ്രസിഡന്റ് ലിസ്സി ലൂക്കോസ്, കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. സിറിയക് ഓട്ടപ്പള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു.

കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 23-ാമത് ചൈതന്യ കാര്‍ഷികമേളയോടും സ്വാശ്രയസംഘ മഹോത്സവത്തോടും അനുബന്ധിച്ച് ഏര്‍പ്പെടുത്തിയ സംസ്ഥാനതല ക്ഷീര കര്‍ഷക അവാര്‍ഡ് വയനാട് പുല്‍പ്പള്ളി സ്വദേശി ലിയോ ജെയിംസിന് ക്ഷീര മൃഗ വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി സമ്മാനിക്കുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*