പാലക്കാട്: വടക്കഞ്ചേരിയില്‍ പോത്തുകളെ തട്ടി കൊണ്ടുപോയ സംഭവത്തില്‍ ട്വിസ്റ്റ്. വ്യക്തികളായല്ല പോത്തുകളെ കൊണ്ടുപോയതെന്നും സംഘടന തീരുമാനത്തിന്റെ ഭാഗമായെന്ന് അവകാശപ്പെട്ട് ആള്‍ കേരള കാറ്റില്‍ മര്‍ച്ചന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ രംഗത്തെത്തി. തങ്ങളാണ് കന്നുകാലികളെ കൊണ്ടുപോയതെന്ന് ആള്‍ കേരള കാറ്റില്‍ മര്‍ച്ചന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ പറഞ്ഞു.
സംഘടന തീരുമാനം ലംഘിച്ചും നിയമങ്ങള്‍ കാറ്റില്‍ പറത്തിയും കൊണ്ടുവന്ന കാലികളെ തടയുകയാണ് ചെയ്തത്. അനുമതി ഉള്ളതിനെക്കാള്‍ ഇരട്ടിയിലധികം കാലികളെ കൊണ്ടുവന്നു. ഇങ്ങനെ കാലികളെ കൊണ്ടുവന്നാല്‍ മറ്റ് വ്യാപാരികളെ ബാധിക്കും. നേരത്തെ പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും കാലികളെ കുത്തി നിറച്ചാണ് കൊണ്ടു വരുന്നത്. കാലികളെ തട്ടികൊണ്ടു പോവുകയല്ല ലക്ഷ്യമിട്ടത്. കേസിന് എതിരെ നിയമപരമായി മുന്നോട്ട് പോകുമെന്നും ആള്‍ കേരള കാറ്റില്‍ മര്‍ച്ചന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ വ്യക്തമാക്കി.
വടക്കഞ്ചേരിയില്‍ ദേശീയ പാതയില്‍ ലോറി തടഞ്ഞാണ് കാലികളെ കൊണ്ടുപോയത്. കാറിലും ജീപ്പിലും ബൈക്കിലുമായെത്തിയ സംഘം ലോറി തടഞ്ഞ് 50 പോത്തുകളെയും 27 മൂരികളെയും കൊണ്ടുപോകുകയായിരുന്നു. ആഡ്രയില്‍ നിന്നും കോട്ടയത്തേക്ക് പോകുകയായിരുന്ന ലോറിയാണ് സിനിമാ സ്റ്റെലില്‍ തട്ടിയെടുത്തത്.
വടക്കഞ്ചേരി ചീരക്കുഴി സ്വദേശികളായ ഷജീര്‍ (31), ഷമീര്‍ (35) എന്നിവരെ വടക്കഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ലോറി തടഞ്ഞ സംഘം പോത്തുകളെയും മൂരികളെയും ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിയ ശേഷം വാഹനം ദേശീയപാതയില്‍ ഉപേക്ഷിച്ചു. ലോറിയിലുണ്ടായിരുന്ന രണ്ട് ആന്ധ്രപ്രദേശ് സ്വദേശികളെ കാറില്‍ കയറ്റി നഗരത്തിലൂടെ കൊണ്ടുപോയ ശേഷം പിന്നീട് റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു.
Be the first to comment