സാരി അർബുദത്തിന് കാരണമാകുമോ; എന്താണ് ‘സാരി ക്യാന്‍സർ’?

‘സാരി ക്യാന്‍സറി’നെക്കുറിച്ച് കേട്ടിട്ടുണ്ടോ? പേര് സൂചിപ്പിക്കുന്നതുപോലെ സാരി ധരിച്ചതുകൊണ്ട് അർബുദമുണ്ടാകുമെന്നല്ല ഇതിന് അർഥം. അരയ്ക്കു ചുറ്റും ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നതുമൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളാണ് ഇത്തരത്തില്‍ വിശേഷിപ്പിക്കപ്പെടുന്നത്. തുടർച്ചയായി ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ വീക്കമുണ്ടാകുകയും പിന്നീടത് ഗുരുതരമാകുകയും ചെയ്യുന്നു. ദോത്തി ക്യാന്‍സറിനൊപ്പം 1945ലാണ് ഈ പദം ആദ്യമായി ഉപയോഗിക്കപ്പെടുന്നത്.

2011ല്‍ ജേണല്‍ ഓഫ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനില്‍ ഇത്തരത്തില്‍ രണ്ട് കേസുകള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സാരി പോലുള്ള വസ്ത്രങ്ങള്‍ ഇറുകിയ രീതിയില്‍ ദീർഘകാലം ധരിക്കുന്നത് അരക്കെട്ടില്‍ ചർമരോഗങ്ങളുണ്ടാകുന്നതിന് കാരണമാകുന്നു. പിന്നീടിത് ഗുരുതരമാകുകയും അർബുദത്തിലേക്കു നയിക്കുകയും ചെയ്യുന്നു. അരക്കെട്ടിലുണ്ടാകുന്ന അർബുദത്തെയാണ് ‘സാരി ക്യാന്‍സർ’ എന്ന് വിളിക്കുന്നത്. ഇത്തരം അർബുദങ്ങളെ സ്ക്വാമസ് സെല്‍ കാർസിനോമ (എസ്‌സിസി) എന്നും വിളിക്കുന്നു.

സാരിയും മുണ്ടും മാത്രമല്ല, പെറ്റിക്കോട്ട്, ജീന്‍സ് തുടങ്ങിയവ ഇറുകിയ തരത്തില്‍ ധരിച്ചാലും എസ്‌സിസിയുടെ സാധ്യതകർ വർധിക്കുമെന്ന് ബെംഗളൂരുവിലെ ആസ്റ്റർ സിഎംഐ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ ഡോ. എന്‍. സപ്ന ലല്ല പറഞ്ഞു. ബെല്‍റ്റ് അയച്ചും മൃദുവായ ക്രീമുകള്‍ പുരട്ടിയും ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നതുമൂലമുണ്ടാകുന്ന ത്വക്ക് രോഗങ്ങള്‍ ഒഴിവാക്കാമെന്നും വിദഗ്ദർ പറയുന്നു. ഈ രോഗാവസ്ഥ അർബുദത്തിലേക്ക് എത്താനുള്ള സാധ്യത 0.1 മുതല്‍ 2.5 ശതമാനം വരെ മാത്രമാണെന്നും ബെംഗളൂരു സ്പാർഷ് ഹോസ്പിറ്റലിലെ സർജിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ. നടരാജ് നായിഡു പറഞ്ഞു.

സാരിയല്ല, പെറ്റിക്കോട്ടാണ് ഈ അവസ്ഥയ്ക്ക് പ്രധാനമായി കാരണമാകുന്നതെന്ന് റെയിന്‍ബോ ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ ബെംഗളൂരുവിലെ ഗൈനക്കോളജിസ്റ്റ് ഡോ. ത്രിവേണി അരുണ്‍ അഭിപ്രായപ്പെട്ടു. സാരിയുടെ കൂടെ അടിപ്പാവട ഇറുകിയ തരത്തില്‍ തുടർച്ചയായി ധരിക്കുമ്പോള്‍ ത്വക്കില്‍ മാറ്റങ്ങള്‍ സംഭവിക്കും. വിട്ടുമാറാത്ത വീക്കം പിന്നീട് വ്രണമാകുകയും കൂടുതല്‍ ഗുരുതരമായ സ്ഥിതിയിലേക്കു നയിക്കുകയും ചെയ്യുമെന്ന് ഡോ. ത്രിവേണി ചൂണ്ടിക്കാണിക്കുന്നു.

അരക്കെട്ട് അർബുദത്തിൻ്റെ ലക്ഷണങ്ങള്‍

  • ചുവന്ന പാടുകള്‍
  • വ്രണങ്ങള്‍
  • അരക്കെട്ടിനു സമീപമുണ്ടാകുന്ന മുഴകള്‍

Be the first to comment

Leave a Reply

Your email address will not be published.


*