മാനനഷ്ടക്കേസ് ഫയൽ ചെയ്ത സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് മറുപടിയുമായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. കേസ് കൊടുത്ത് എന്നെ വിരട്ടാം എന്നത് സ്വപ്നത്തിൽ മാത്രമേ നടക്കൂ എന്നും ഇനി കോടതിയിൽ കാണാമെന്നുമാണ് സ്വപ്നയുടെ വെല്ലുവിളി. 10 കോടി നഷ്ടപരിഹാരം ചോദിച്ച് കോർട്ട് ഫീ അടച്ച് സിവിൽ കോടതിയിലും കേസ് കൊടുക്കണമെന്നാണ് തന്റെ അപേക്ഷയെന്നും സ്വപ്ന ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
സ്വപ്ന സുരേഷിനെതിരായി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നൽകിയ അപകീർത്തി പരാതി തളിപ്പറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് ഫയലിൽ സ്വീകരിച്ചു. പരാതിക്കാരനായ എം വി ഗോവിന്ദന്റെ മൊഴി രേഖപ്പെടുത്തിയ കോടതി സാക്ഷികൾക്ക് നോട്ടീസ് അയക്കാനും ഉത്തരവിട്ടു. സാക്ഷികളുടെ മൊഴി രേഖപെടുത്താനായി ഹർജി ഈ മാസം 20 ന് വീണ്ടും പരിഗണിക്കും. ഐ പി സി 120 ബി, ഐ പി സി 500 വകുപ്പുകൾ പ്രകാരം, ക്രിമിനൽ ഗൂഡലോചനയ്ക്കും, മാനഹാനി വരുത്തിയതിനും സ്വപ്നയ്ക്കും വിജേഷ് പിള്ളയ്ക്കുമെതിരെ കേസ് എടുക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങൾ പിൻവലിക്കാൻ വിജേഷ് പിള്ള മുഖേന എം വി ഗോവിന്ദൻ 30 കോടി രൂപ വാഗ്ദാനം ചെയ്തെന്നായിരുന്നു സ്വപ്നയുടെ ആരോപണം. ഈ വിഷയത്തിൽ സിപിഎം പൊലീസിൽ നൽകിയ പരാതിയിലെ അന്വേഷണം ഹൈക്കോടതി നേരത്തെ തടഞ്ഞിരുന്നു.
Be the first to comment