ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ കൂടുതല്‍ നടപടി. അനധികൃതമായി ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയതില്‍ പൊതുഭരണ വകുപ്പില്‍ ആറ് പാര്‍ട്ട് ടൈം സ്വീപ്പര്‍മാരെ പിരിച്ചുവിടാന്‍ ശിപാര്‍ശ. പൊതുഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയുടേതാണ് ശിപാര്‍ശ. ഇവര്‍ ഇതുവരെ വാങ്ങിയ ക്ഷേമ പെന്‍ഷന്‍ 18 ശതമാനം പലിശയോടെ തിരിച്ചു പിടിക്കണമെന്നും നിര്‍ദേശമുണ്ട്.
സംസ്ഥാനത്തെ ഗസറ്റഡ് ഉദ്യോഗസ്ഥന്‍ അടക്കം 1458 സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നുവെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്. ധന വകുപ്പ് നിര്‍ദേശ പ്രകാരം ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നടത്തിയ പരിശോധനയിലാണ് ഗുരുതര തട്ടിപ്പ് കണ്ടെത്തിയത്. അനധികൃതമായി കൈപ്പറ്റിയ പെന്‍ഷന്‍ തുക പലിശ അടക്കം തിരിച്ചു പിടിക്കാനാണ് ധനവകുപ്പിന്റെ നിര്‍ദേശം.
ഗസറ്റഡ് ഉദ്യോഗസ്ഥര്‍ അടക്കമാണ് പെന്‍ഷന്‍ കൈപ്പറ്റുന്നത്. കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍മാര്‍, ഹയര്‍ സെക്കണ്ടറിയിലെ അടക്കം അധ്യാപകരും ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരുടെ പട്ടികയിലുണ്ടായിരുന്നു. ആരോഗ്യ വകുപ്പിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവര്‍ ഉള്ളത്. 373 പേര്‍. പൊതുവിദ്യാഭ്യാസ വകുപ്പാണ് രണ്ടാം സ്ഥാനത്ത്. 224 പേരും. തട്ടിപ്പില്‍ മാസാമാസം 23 ലക്ഷത്തിലേറെ രൂപയാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്നും തട്ടിപ്പുകാര്‍ കൈക്കലാക്കിയത്. ഒരു വര്‍ഷമാകുമ്പോള്‍ ഇത് രണ്ടേകാല്‍ കോടി രൂപയാകും.
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ പട്ടിക കൈകാര്യം ചെയ്യുന്ന സേവന സോഫ്റ്റ്വെയറിലെ ആധാര്‍ നമ്പര്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണത്തിനായുള്ള സ്പാര്‍ക്ക് സോഫ്റ്റ്വെയറിലും കണ്ടെത്തിയതോടെയാണ് ധനവകുപ്പ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്തു വന്നത്.
Be the first to comment