പൗരത്വ നിയമ പ്രകാരം 14 പേർക്ക് കേന്ദ്രസർക്കാർ പൗരത്വം നൽകിയതിനെ വിമർശിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി

ബംഗാൾ: പൗരത്വ നിയമ പ്രകാരം 14 പേർക്ക് കേന്ദ്രസർക്കാർ പൗരത്വം നൽകിയതിനെ വിമർശിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബിജെപിയുടേത് തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള വില കുറഞ്ഞ പദ്ധതിയാണെന്നും മമത പറഞ്ഞു. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ പൗരത്വം നൽകിയ 14 പേരെയും വിദേശികളെന്ന് മുദ്ര കുത്തി ബിജെപി ജയിലിലടക്കുമെന്നും അവർ ആരോപിച്ചു. പുതിയ നിയമ പ്രകാരം പൗരത്വത്തിന് അപേക്ഷിക്കുന്നതിനെയും അവർ എതിർത്തു. പൗരത്വത്തിന് അപേക്ഷിക്കുന്നവരെയെല്ലാം കേന്ദ്രസർക്കാർ വിദേശികളാക്കും എന്നായിരുന്നു പശ്ചിമ ബംഗാളിൽ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെ മമതയുടെ പരാമർശം.

അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള മുസ്‌ലിം ഇതര അഭയാർത്ഥികൾക്ക് പൗരത്വം ലഭിക്കുന്നതാണ് സിഐഎ നിയമം. 2019 ൽ നിലവിൽ വന്ന നിയമം നടപ്പിലാക്കിയത് ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പായിരുന്നു. ബുധനാഴ്ച 14 പേർക്ക് പൗരത്വ (ഭേദഗതി) നിയമ പ്രകാരമുള്ള പൗരത്വ സർട്ടിഫിക്കറ്റുകളുടെ ആദ്യ സെറ്റ് കേന്ദ്ര സർക്കാർ കൈമാറിയിരുന്നു. നിയമം മുസ്‌ലിങ്ങളോട് വിവേചനം കാണിക്കുന്നുവെന്നാണ് മമത ബാനർജിയുടെ വാദം. പശ്ചിമ ബംഗാളിൽ നിയമം നടപ്പാക്കില്ലെന്നും കേന്ദ്രത്തിൽ ഇൻഡ്യ സഖ്യം അധികാരത്തിൽ വന്നാൽ സിഐഎ പിൻവലിക്കുമെന്നുമുള്ള പ്രഖ്യാപനവും മമത നടത്തി.

Be the first to comment

Leave a Reply

Your email address will not be published.


*