മെെക്ക് മ്യൂട്ട് ചെയ്തു ; നീതി ആയോഗ് യോഗത്തിൽ നിന്നും പ്രതിഷേധിച്ചിറങ്ങി മമത

കൊല്‍ക്കത്ത : നിതീ ആയോഗ് യോഗത്തില്‍ നിന്നും പ്രതിഷേധിച്ച് ഇറങ്ങി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. സംസാരിക്കാന്‍ ആവശ്യമായ സമയം അനുവദിച്ചില്ലെന്ന് ആരോപിച്ച് യോഗത്തില്‍ നിന്നും പ്രതിഷേധിച്ച് ഇറങ്ങി പോവുകയായിരുന്നു. അഞ്ച് മിനിറ്റ് മാത്രമാണ് സംസാരിക്കാന്‍ അനുവദിച്ചത് എന്ന് മമത പറയുന്നു.

‘കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോട് വിവേചനം കാണിക്കരുതെന്ന് ഞാന്‍ പറഞ്ഞു. എനിക്ക് കൂടുതല്‍ സംസാരിക്കാനുണ്ടായിരുന്നു. എന്നാല്‍ എന്റെ മൈക്ക് മ്യൂട്ട് ചെയ്തു. അഞ്ച് മിനിറ്റ് മാത്രമാണ് സംസാരിക്കാന്‍ സമയം അനുവദിച്ചത്. എനിക്ക് മുന്‍പ് സംസാരിച്ചവരെല്ലാം 10-20 മിനിറ്റ് വരെ സംസാരിച്ചിട്ടുണ്ട്,’ യോഗത്തില്‍ നിന്നും ഇറങ്ങിവന്ന ശേഷമായിരുന്നു മമതാ ബാനര്‍ജിയുടെ പ്രതികരണം.

പ്രതിപക്ഷത്ത് നിന്നും താന്‍ മാത്രമാണ് യോഗത്തിനെത്തിയത്. എന്നിട്ട് പോലും സംസാരിക്കാന്‍ ആവശ്യമായ സമയം തനിക്ക് അനുവദിച്ചില്ല. ഇത് അപമാനിച്ചതിന് തുല്ല്യമാണെന്നും മമത കൂട്ടിച്ചേര്‍ത്തു. ബജറ്റില്‍ അടക്കം കേന്ദ്രം സംസ്ഥാനങ്ങളോട് കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ചാണ് കേരളവും തമിഴ്‌നാടും അടക്കമുള്ള സംസ്ഥാനങ്ങള്‍ നീതി ആയോഗില്‍ നിന്നും വിട്ടുനിന്നത്. പ്രതിപക്ഷത്ത് നിന്നുള്ള മുഖ്യമന്ത്രിമാരില്‍ മമതാ ബാനര്‍ജി മാത്രമായിരുന്നു പങ്കെടുത്തത്.

ഇന്‍ഡ്യാ സഖ്യ നേതൃയോഗത്തിന്റെ തീരുമാനം അനുസരിച്ചാണ് പ്രതിപക്ഷത്ത് നിന്നുള്ള മുഖ്യമന്ത്രിമാര്‍ വിട്ടുനിന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടക, തെലങ്കാന, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും യോഗത്തിനെത്തിയിരുന്നില്ല.

Be the first to comment

Leave a Reply

Your email address will not be published.


*