അവസാന നിമിഷത്തില്‍ ഗോള്‍ വഴങ്ങി കേരളം; സന്തോഷ് ട്രോഫിയില്‍ മുത്തമിട്ട് പശ്ചിമ ബംഗാള്‍

ഏകപക്ഷീയമായ ഒരു ഗോളിന് കേരളത്തെ പരാജയപ്പെടുത്തി 78-ാമത് സന്തോഷ് ട്രോഫി കിരീടത്തില്‍ മുത്തമിട്ട് പശ്ചിമബംഗാള്‍. മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ടൂര്‍ണമെന്റിലെ ടോപ്പ് ഗോള്‍ സ്‌കോറര്‍ റോബി ഹന്‍സ്ഡയുടെ വകയായിരുന്നു ബംഗാളിന്റെ ഗോള്‍. ഇരുടീമുകളും നിരവധി അവസരങ്ങള്‍ നഷ്ടപ്പെടുത്തിയ മത്സരത്തിന്റെ ആദ്യപകുതി ഗോള്‍രഹിതമായിരുന്നു. ബംഗാളിന്റെ ആക്രമണത്തോടെയാണ് മത്സരം തുടങ്ങിയത്. ആറാം മിനിറ്റിലാണ് കേരളത്തിന്റെ ആദ്യ നീക്കമെത്തിയത്. പന്തുമായി കുതിച്ച നസീബിന്റെ മുന്നേറ്റം ബംഗാള്‍ പ്രതിരോധനിര വിധഗ്ദ്ധമായി തടഞ്ഞു. 11-ാം മിനിറ്റില്‍ കേരളത്തിന്റെ നിജോ ഗില്‍ബര്‍ട്ട് നല്‍കിയ ക്രോസില്‍ അജ്‌സലിന്റെ തല വെച്ചെങ്കിലും പന്ത് ബാറിന് മുകളിലുടെ പുറത്തുപോയി. മുപ്പതാം മിനിറ്റില്‍ ബംഗാളിന്റെ ബംഗാളിന് അനുകൂലമായി ലഭിച്ച കോര്‍ണര്‍ കിക്ക് കേരള കീപ്പര്‍ പണിപ്പെട്ടാണ് സേവ് ചെയ്തത്. രണ്ടാംപകുതിയിലും കേരളത്തിന്റെ ഗോളെന്നുറച്ച നിരവധി മുന്നേറ്റങ്ങള്‍ തടയുന്നതില്‍ ബംഗാള്‍ പ്രതിരോധം വിജയിച്ചു. 52-ാം മിനിറ്റില്‍ ബംഗാളിന്റെ ഫ്രീകിക്ക് ചെറിയ വ്യത്യാസത്തിലാണ് പുറത്തുപോയത്. 62-ാം മിനിറ്റിലും ബോക്‌സിന് തൊട്ടുപുറത്ത് നിന്ന് ലഭിച്ച ഫ്രീകിക്കും അവര്‍ക്ക് മുതലാക്കാനായില്ല.

നിശ്ചിത സമയത്തിനുശേഷം ആറ് മിനിറ്റ് ആയിരുന്നു ഇഞ്ചുറി ടൈം. 94-ാം മിനിറ്റിലായിരുന്നു കേരളത്തിന്റെ ഹൃദയം തകര്‍ത്ത ഗോള്‍. വലതുകോര്‍ണറിനടുത്ത് നിന്ന് എത്തിയ ക്രോസ് ക്ലിയര്‍ ചെയ്യാനുള്ള കേരള പ്രതിരോധനിരയുടെ ശ്രമത്തിനിടെ പന്ത് റോബി ഹന്‍സ്ഡയുടെ വരുതിയിലായി. കേരള പ്രതിരോധക്കാരനെ പിന്നിലാക്കിയ താരം കീപ്പറുടെ കൈകള്‍ക്കരികെ നിന്ന് പന്ത് വലയിലേക്ക് അടിച്ചു കയറ്റി. തൊട്ടുപിന്നാലെ ബംഗാള്‍ കീപ്പര്‍ വരുത്തിയ പിഴവില്‍ നിന്ന് ബോക്‌സില്‍ നിന്ന് കേരളത്തിന് അനുകൂലമായ ഫ്രീകിക്ക് ലഭിച്ചെങ്കിലും ക്യാപ്റ്റന്‍ എടുത്ത കിക്ക് പുറത്തേക്കായിരുന്നു. ഈ ഫൈനല്‍ വിജയത്തോടെ സന്തോഷ് ട്രോഫിയിലെ 33-ാം കിരീടമാണ് പശ്ചിമബംഗാള്‍ സ്വന്തമാക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*