മുൻ ചാമ്പ്യൻമാർ ഏകദിന ലോകകപ്പിനില്ല; വെസ്റ്റ് ഇൻ‍ഡീസ് പുറത്ത്

ഏകദിന ലോകകപ്പിന് യോ​ഗ്യത നേടാതെ വെസ്റ്റ് ഇൻഡീസ് പുറത്ത്. ഇന്ന് നടന്ന നിർണായക മത്സരത്തിൽ സ്കോട്ലാൻ്റിനോട് തോറ്റതോടെയാണ് മുൻ ചാമ്പ്യൻമാർ പുറത്ത് പോയത്. ഇതാദ്യമായാണ് വെസ്റ്റ് ഇൻഡീസ് ഏകദിന ലോകകപ്പ് യോ​ഗ്യത നേടാനാകാതെ പുറത്താകുന്നത്. ഹരാരെ സ്പോർട്സ് ക്ലബിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് 181 റൺസിന് ഓൾ ഔട്ടാകുകയായിരുന്നു. 45 റൺസെടുത്ത ജേസൺ ഹോൾഡർ, 36 റൺസെടുത്ത റൊമാരിയോ ഷെഫേർഡ് എന്നിവർ മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. ഇരുവരും ചേർന്ന ഏഴാം വിക്കറ്റിൽ 77 റൺസ് കൂട്ടിച്ചേർത്തു.

മറുപടി ബാറ്റിങ്ങിൽ മാത്യൂ ക്രോസും ബ്രാണ്ടന്‍ മക്‌മല്ലനും സ്കോട്ലാൻ്റിനെ മികച്ച രീതിൽ മുന്നോട്ട് നയിച്ചു. മാത്യൂ ക്രോസ് പുറത്താകാതെ 74 റൺസെടുത്തു. ബ്രാണ്ടന്‍ മക്‌മല്ലൻ 69 റൺസ് നേടി. 43.3 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിലാണ് സ്കോട്ലാൻ്റ് ലക്ഷ്യത്തിലെത്തിയത്. ഇതാദ്യമായാണ് സ്കോട്ലാൻ്റ് വെസ്റ്റ് ഇൻ‍ഡീസിനെ ഏകദിന ക്രിക്കറ്റിൽ തോൽപ്പിക്കുന്നത്.

യോ​ഗ്യതാ റൗണ്ടിൽ ഇതുവരെ ഒരു മത്സരം പോലും ജയിക്കാൻ വെസ്റ്റ് ഇൻഡീസിന് കഴിഞ്ഞിട്ടില്ല. നേരത്തെ നെതർലാൻ്റിനോടും സിംബാവെയോടും കരീബിയൻ ടീം തോറ്റിരുന്നു. വെസ്റ്റ് ഇൻഡീസ് 1975, 1979 ലോകകപ്പിലെ ചാമ്പ്യന്മാരാണ്. 1983 ൽ ഫൈനലിൽ ഇന്ത്യയോട് തോറ്റു. 2007 ൽ വെസ്റ്റ് ഇൻഡീസ് ആയിരുന്നു ലോകകപ്പിന് വേദിയായത്. വൻതുക കടമെടുത്തുള്ള ലോകകപ്പ് ഒരുക്കങ്ങളാണ് പിന്നീട് വെസ്റ്റ് ഇൻ‍ഡീസ് ക്രിക്കറ്റിൻ്റെ തകർച്ചയ്ക്ക് കാരണമായത്.

Be the first to comment

Leave a Reply

Your email address will not be published.


*